Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
കര്‍ഷക സമരം, ചര്‍ച്ച പരാജയം, നാലാം ഘട്ട ചര്‍ച്ച ഞായറാഴ്ച
reporter

ന്യൂഡല്‍ഹി: പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളും കേന്ദ്രമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മൂന്നാമത്തെ ചര്‍ച്ചയിലും കാര്യമായ പുരോഗതിയുണ്ടായില്ല. താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. ഞായറാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും 14 കര്‍ഷക സംഘടനാ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ച അഞ്ച് മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. അടുത്ത യോഗം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ചേരുമെന്നും കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. വിഷയത്തില്‍ സമാധാനപരമായി പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചണ്ഡീഗഡില്‍ നടന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ നീക്കം.

അതിര്‍ത്തി പൂര്‍ണമായി അടച്ചതിലും ഇന്റര്‍നെറ്റ് റദ്ദാക്കിയതിലും കര്‍ഷക സംഘടനാ നേതാക്കള്‍ യോഗത്തില്‍ പ്രതിഷേധമറിയിച്ചു. കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും അമിതമായി ഉപയോഗിക്കുന്നെന്ന് പരാതിപ്പെട്ടു. കണ്ണീര്‍വാതക ഷെല്ലുകള്‍ കര്‍ഷകര്‍ കാണിച്ചു. അതിനിടെ കര്‍ഷക പ്രക്ഷോഭത്തിന് നേരെ പൊലീസ് ഇന്നലെയും ശക്തമായ നടപടികള്‍ തുടര്‍ന്നു. പഞ്ചാബ് - ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ കര്‍ഷകര്‍ക്കുനേരെ ഹരിയാന പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഹരിയാനയില്‍ ചില മേഖലകളില്‍ ശനിയാഴ്ച വരെ ടെലികോം സേവനങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

 
Other News in this category

 
 




 
Close Window