Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരുമെന്ന് കെ.കെ. രമ
reporter

 കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിട്ടയച്ചത് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ടിപിയുടെ വിധവ കെ കെ രമ. ടിപിയെ വധിക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണ് മോഹനന്‍ അടക്കമുള്ളവര്‍. മോഹനന്റെ അടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്ന് കെ കെ രമ പറഞ്ഞു. വിധി കേട്ട കെ കെ രമ പൊട്ടിക്കരഞ്ഞു. ഇതുകൊണ്ടൊന്നും കേസ് അവസാനിക്കുന്നില്ല. മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരും. സിപിഎം തന്നെയാണ് ഇതില്‍ പ്രതിയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. കെ കെ കൃഷ്ണനും കൂടി പ്രതിയാണെന്ന് ഹൈക്കോടതി കണ്ടെത്തിയതോടെ പാര്‍ട്ടിയുടെ പങ്ക് കൂടുതല്‍ വെളിപ്പെട്ടു വരികയാണ്. വലിയ സാമ്പത്തിക സ്വാധീനവും രാഷ്ട്രീയ സ്വാധീനവും ഒക്കെ ഈ കേസിനുണ്ടായിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ ഭാസ്‌കരന്‍ മാഷ് സ്ഥിരമായി വന്ന് കേസിന്റെ മേല്‍നോട്ടം വഹിച്ചിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. സിപിഎമ്മാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുള്ള കേസു പോലും സിപിഎമ്മാണ് നടത്തിക്കൊണ്ടിരിക്കുന്നത്.


ഹൈക്കോടതി വിധിയിലൂടെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടുവെന്ന് രമ പ്രതികരിച്ചു. കേസില്‍ രണ്ടു പ്രതികളെ കൂടി ശിക്ഷിക്കാന്‍ തീരുമാനിച്ചത് ആശ്വാസകരമാണ്. നല്ല വിധിയാണിത്. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സിപിഎം നേതാക്കളാണ് വെറുതെ വിട്ടത് റദ്ദാക്കിയ രണ്ടു പ്രതികള്‍.

 

'ഇതുപോലൊരു കൊല ഇനിയുണ്ടാകരുത്'

 

ഇനി ഇതുപോലൊരു കൊല കേരളത്തില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിക്കണം. അതിനു കൂടിയുള്ള താക്കീതാണ് കോടതി വിധി. ഇങ്ങനെ നീതി നടപ്പാക്കപ്പെടണം നമ്മുടെ നാട്ടില്‍. കോടതി അതു കണ്ടു എന്നതില്‍ വളരെ സന്തോഷവും ആദരവുമുണ്ട്. ഈ കേസില്‍ ഞങ്ങളൊടൊപ്പം ഉണ്ടായിരുന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും കെകെ രമ പറഞ്ഞു.

ടിപി വധക്കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. കേസിലെ പത്തും പന്ത്രണ്ടും പ്രതികളായ കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദാക്കി. സിപിഎം ഒഞ്ചിയം മുന്‍ ഏരിയാ കമ്മിറ്റി അംഗമാണ് കൃഷ്ണന്‍, ജ്യോതിബാബു കുന്നോത്ത്പറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്.

എല്ലാ പ്രതികളും ഈ മാസം 26 ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വെറുതെ വിട്ടത് റദ്ദാക്കിയ രണ്ടു പ്രതികള്‍ക്കുള്ള ശിക്ഷ അന്ന് വിധിക്കും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുള്ള സര്‍ക്കാരിന്റെ അപ്പീലിലും അന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കും. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
 
Other News in this category

 
 




 
Close Window