Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
എല്‍ഡിഎഫിന് നേട്ടം, ഏഴു സീറ്റ് പിടിച്ചെടുത്തു, ബിജെപിക്ക് മൂന്നു സീറ്റ്
reporter

തിരുവനന്തപുരം: 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. ഏഴു സീറ്റുകള്‍ പിടിച്ചെടുത്ത എല്‍ഡിഎഫ് 10 ഇടത്ത് വിജയിച്ചു. യുഡിഎഫ് 10 സീറ്റുകളിലും ബിജെപി മൂന്ന് ഇടത്തും വിജയിച്ചു. 10 ജില്ലകളിലായി ഒരു മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ഡിലും 4 മുനിസിപ്പാലിറ്റി വാര്‍ഡിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. 88 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് എന്നി വാര്‍ഡുകളാണ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. പാലക്കാട് എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട്, തൃശൂര്‍ മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിയാര്‍ക്കുളങ്ങര, കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് എന്നി മൂന്ന് വാര്‍ഡുകളാണ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത എല്‍ഡിഎഫിന്റെ മൂന്ന് സീറ്റുകള്‍. പാലക്കാട് പൂക്കോട്ടുകാവ്, തിരുവനന്തപുരം പഴയകുന്നുമ്മല്‍, ചിറ്റൂര്‍ തത്തമംഗലം മുതുകാട് വാര്‍ഡ് എന്നിവയാണ് എല്‍ഡിഎഫ് നിലനിര്‍ത്തിയ മറ്റു സീറ്റുകള്‍.

നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ കല്‍പ്പക നഗറില്‍ എല്‍ഡിഎഫ് ജയിച്ചതോടെ, യുഡിഎഫിന് ഭരണം നഷ്ടമാവും. സിപിഎമ്മിലെ എന്‍എസ്അര്‍ച്ചന 98 വോട്ടിനാണ് ഇവിടെ വിജയിച്ചത്. 19 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 10 യുഡിഎഫ് 9 എന്നിങ്ങനെയായി കക്ഷിനില. മുന്‍ധാരണ പ്രകാരം സ്ഥാനമൊഴിയേണ്ട കോണ്‍ഗ്രസിലെ വൈസ് പ്രസിഡന്റ് ധാരണ പാലിക്കാതെ വന്നപ്പോള്‍ ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ചതോടെയാണു ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. എടവനക്കാട് പഞ്ചായത്തില്‍ സിപിഎം സീറ്റ് കോണ്‍ഗസ് പിടിച്ചു. ശാന്തി മുരളി 108 വോട്ടിനാണു ജയിച്ചത്.

ആലപ്പുഴ കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് ഒരു വോട്ടിനു സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. സുഭാഷ് പറമ്പിശേരിയാണു വിജയി. സിപിഎമ്മിലെ ഗീത സുനില്‍ രണ്ടാം സ്ഥാനത്ത്. സിപിഎം വിമതന്‍ എംആര്‍ രഞ്ജിത് മൂന്നാമതെത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെപി സുരേഷാണ് നാലാം സ്ഥാനത്ത്. എല്‍ഡിഎഫ് ഭരണ സമിതിക്കു ഭീഷണിയില്ല.

കണ്ണൂര്‍ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന 4 തദ്ദേശ വാര്‍ഡുകളില്‍ രണ്ടിടത്ത് യുഡിഎഫും ഓരോ സീറ്റില്‍ എല്‍ഡിഎഫും ബിജെപിയും ജയിച്ചു. മട്ടന്നൂര്‍ നഗരസഭ ടൗണ്‍ വാര്‍ഡിലാണ് ബിജെപി ജയം. യുഡിഎഫില്‍ നിന്നു സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. നഗരസഭയില്‍ ബിജെപി ജയിക്കുന്നത് ആദ്യമാണ്. ഇവിടെ മൂന്നാം സ്ഥാനത്താണ് എല്‍ഡിഎഫ്.

മുഴപ്പിലങ്ങാട് പഞ്ചായത്ത് മമ്മാക്കുന്ന് വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. രാമന്തളി പാലക്കോട് വാര്‍ഡും മാടായി മുട്ടം ഇട്ടപ്പുറം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. നാലു വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ്-2, എല്‍ഡിഎഫ്-1, ബിജെപി-1. ഫലത്തില്‍ യുഡിഎഫിന് 2 സീറ്റ് നഷ്ടം. ഒരെണ്ണം എല്‍ഡിഎഫും ഒരെണ്ണം ബിജെപിയും പിടിച്ചെടുത്തു. രണ്ട് സീറ്റ് മാത്രമാണ് നിലനിര്‍ത്താനായത്. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തില്‍ 9ാം വാര്‍ഡില്‍ എംആര്‍ രമേഷ് കുമാര്‍ (യുഡിഎഫ്) വിജയിച്ചു. സിപിഎമ്മിന്റെ സഹായത്തോടെ ജയിച്ച സ്വതന്ത്രന്റെ മരണത്തെ തുടര്‍ന്നാണു തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 136 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേഷിന്റെ ജയം.

 
Other News in this category

 
 




 
Close Window