Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ലീഗിന് മൂന്നാം സീറ്റില്ല, കോണ്‍ഗ്രസ് 16 സീറ്റില്‍ മത്സരിക്കും
reporter

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 16 മണ്ഡലങ്ങളില്‍ മത്സരിക്കും. മുസ്ലിം ലീഗ് രണ്ടു സീറ്റില്‍ മത്സരിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഡി സതീശന്‍ അറിയിച്ചു. ഇതോടൊപ്പം രാജ്യസഭ സീറ്റില്‍ ചില അറേഞ്ച്മെന്റുകള്‍ വരുത്തിയിട്ടുണ്ട്. സ്വാഭാവികമായിട്ടും അടുത്ത രാജ്യസഭ സീറ്റില്‍ ഒഴിവു വരുമ്പോള്‍ ഒരെണ്ണം പ്രതിപക്ഷത്തിന് കിട്ടും. അത് കോണ്‍ഗ്രസിന് കിട്ടേണ്ടതാണ്. അത് മുസ്ലിം ലീഗിന് നല്‍കാന്‍ തീരുമാനിച്ചു. പിന്നീട് വരുന്ന സീറ്റ് കോണ്‍ഗ്രസ് എടുക്കും. ഭരണത്തില്‍ സാധാരണ യുഡിഎഫ് എത്തുമ്പോള്‍ മൂന്ന് സീറ്റ് കോണ്‍ഗ്രസിനും രണ്ട് സീറ്റ് ലീഗിനുമാണ് ഉണ്ടാകാറുള്ളത്. അത് അടുത്ത തവണ അധികാരത്തിലെത്തിയാല്‍ നിലനിര്‍ത്തും. 3-2 ക്രമം നിലനില്‍ക്കുമെന്ന് ഉറപ്പുവരുത്തും. ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. അവരുടെ അര്‍ഹതയെ കോണ്‍ഗ്രസ് ഒരിക്കലും ചോദ്യം ചെയ്യുന്നില്ല.

എന്നാല്‍ നിലവിലെ സാഹചര്യങ്ങളും പ്രായോഗികമായ ബുദ്ധിമുട്ടുകളും ലീഗ് നേതൃത്വത്തെ പറഞ്ഞു മനസ്സിലാക്കി. ലീഗ് അടക്കമുള്ള എല്ലാ ഘടകകക്ഷികളും സമയോചിതമായി ചര്‍ച്ച നടത്തി. യുഡിഎഫ് ഐക്യം കൂടുതല്‍ ഊട്ടിയുറപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി രാജ്യത്ത് അധികാരത്തില്‍ വരുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനം നടത്താനും 20 സീറ്റിലും വിജയിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനം നടത്താനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് അതിന്റെ നടപടി ക്രമങ്ങള്‍ വ്യക്തമാക്കും. നാളെത്തന്നെ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി കൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് നല്‍കും. സ്ഥാനാര്‍ത്ഥിത്വം വൈകുന്നോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടു പോലുമില്ലല്ലോ എന്ന് വി ഡി സതീശന്‍ ചോദിച്ചു. കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് ധാരണയുണ്ട്. അതേക്കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ട. കെപിസിസി പ്രസിഡന്റ് ലോക്സഭയിലേക്ക് മത്സരിക്കണോ എന്നതില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്.

മുഖ്യമന്ത്രി നടത്തുന്ന പരിപാടികളില്‍ മാധ്യമങ്ങളെ അടിച്ചു പുറത്താക്കുകയാണ് ചെയ്യുന്നത്. അന്നൊന്നും പ്രതികരണമില്ലാത്ത മാധ്യമങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് അകത്തു നടന്ന ചര്‍ച്ചകള്‍ പോലും വിശദീകരിക്കണമെന്നു പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഞങ്ങള്‍ക്ക് വേണമെങ്കിലും മുഖ്യമന്ത്രി ചെയ്യുന്നതു പോലെ പറയാനുള്ളതു മാത്രം പറഞ്ഞിട്ട് എഴുന്നേറ്റു പോകാം. എന്നാല്‍ അത്തരത്തില്‍ ഞങ്ങള്‍ ചെയ്യാറില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window