Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓഡിറ്റ് നടത്തിയിട്ടില്ല, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ആദായനികുതി വകുപ്പ് പരിശോധന
reporter

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. യാതൊരുവിധ ആസൂത്രണവുമില്ലാതെ വകുപ്പുകള്‍ സൃഷ്ടിച്ചാണ് സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നതെന്ന് ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിശ്വാസ്യത ഉറപ്പുവരുത്താതെ സൃഷ്ടിച്ച ഇത്തരം വകുപ്പുകള്‍ മൂലം അക്കൗണ്ടുകള്‍ പരിശോധിച്ച് ആദായനികുതി തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ വ്യക്തമാക്കി. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോര്‍ഡ് ഫയലുകള്‍ നല്‍കുന്നില്ല. പ്രഥമദൃഷ്ട്യാ ലഭിച്ച തെളിവുകള്‍ അഴിമതിയ്ക്കെതിരെ കേസെടുക്കാന്‍ പര്യാപ്തമാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ആദായനികുതിയുമായി ബന്ധപ്പെട്ട് നല്‍കിയ നോട്ടീസുകള്‍ക്ക് കാരണം ബോധിപ്പിക്കാതെ തുടര്‍ച്ചയായി പ്രതികരിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. 1961ലെ ആദായനികുതി നിയമത്തിന്റെ ലംഘനമാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നിയമപ്രകാരമുള്ള നോട്ടീസുകള്‍ തുടര്‍ച്ചയായി അവഗണിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച പരിശോധന നടത്തിയതായും ആദായനികുതി വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് ടിഡിഎസ് സര്‍വേയാണ് നടത്തിയത്. സര്‍വേയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമപ്രകാരമുള്ള ഓഡിറ്റ് നടത്തിയിട്ടില്ല എന്ന് കണ്ടെത്തി. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാതൊരുവിധ അക്കൗണ്ടിങ് തത്വങ്ങളും പാലിച്ചിട്ടില്ല എന്നും തിരിച്ചറിഞ്ഞതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വാര്‍ഷിക വരവ്- ചെലവ് കണക്കുകളും തയ്യാറാക്കിയിട്ടില്ല. ടിഡിഎസ് റിട്ടേണും ഫയല്‍ ചെയ്തിട്ടില്ലെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം കേന്ദ്രസര്‍ക്കാര്‍ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയ സ്ഥാപനമാണ് ഗുരുവായൂര്‍ ദേവസ്വം എന്നും ഇതുവരെ ദേവസ്വം ആദായനികുതി നല്‍കിയിട്ടില്ലെന്നും ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ പറഞ്ഞു. ദേവസ്വം ആദായനികുതി റിട്ടേണും നല്‍കാറില്ല. ഗുരുവായൂര്‍ ദേവസ്വത്തില്‍ ഓഡിറ്റ് നടക്കാറില്ല എന്ന വാര്‍ത്ത ശരിയല്ല. സംസ്ഥാന സര്‍ക്കാരിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ദേവസ്വം ഓഫീസില്‍ തന്നെ ഓഫീസ് സംവിധാനത്തോടെ പ്രവര്‍ത്തിച്ച് കണ്‍കറന്റ് ഓഡിറ്റ് നടത്തുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

 
Other News in this category

 
 




 
Close Window