Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
അരുണാചല്‍ സ്വദേശിയുടെ മരണത്തില്‍ പത്തു പേര്‍ അറസ്റ്റില്‍
reporter

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ അരുണാചല്‍ പ്രദേശ് സ്വദേശി ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ചതായി ആരോപണം. ദീര്‍ഘനാളായി വാളകത്തു വാടകയ്ക്കു താമസിച്ചിരുന്ന അശോക് ദാസ് (26) ആണ് മരിച്ചത്. അശോക് ദാസിനൊപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കള്‍ നല്‍കിയ വിവരങ്ങളെ തുടര്‍ന്നു 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വാളകം കവലയിലുള്ള ചെറിയ ഊരകം റോഡിലാണ് സംഭവം. രാത്രിയില്‍ മുന്‍സഹപ്രവര്‍ത്തകയുടെ താമസ സ്ഥലത്തു ബഹളമുണ്ടാക്കി മടങ്ങുമ്പോള്‍ ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ടു ചോദ്യം ചെയ്യുകയായിരുന്നു. വാളകം കവലയിലുള്ള ഹോട്ടലില്‍ ജീവനക്കാരിയായിരുന്ന യുവതിയുടെ വാടക വീട്ടിലാണ് അശോക് എത്തിയത്. ഇതേ ഹോട്ടലില്‍ ചൈനീസ് കുക്ക് ആയിരുന്നു അശോക് ദാസ്. ഇവിടെ നിന്നു പിരിഞ്ഞു പോയ ശേഷം വ്യാഴാഴ്ച യുവതിയെ കാണാനാണ് ഇയാള്‍ വാളകത്ത് എത്തിയത്.

ഈ സമയം യുവതിക്കൊപ്പം എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മറ്റൊരു യുവതിയും അവിടെയുണ്ടായിരുന്നു. രാത്രി ഏഴോടെ യുവതി ജോലിക്കായി ഹോട്ടലിലേക്കു പോയപ്പോള്‍ വീട്ടില്‍ നിന്നിറങ്ങിയ ഇയാള്‍ വീണ്ടും തിരിച്ചെത്തി. ഇതോടെ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ യുവതി ഭയന്ന് സുഹൃത്തായ യുവതിയെ വിളിച്ചു വരുത്തി. തുടര്‍ന്ന് അശോക് ദാസും യുവതികളുമായി തര്‍ക്കമുണ്ടായി. അതിനിടെ വീട്ടിലെ അലമാരയിലെ ചില്ലുകള്‍ ഇയാള്‍ തകര്‍ത്തു. ഇതിനെ തുടര്‍ന്നു കയ്യില്‍ മുറിവുണ്ടാകുകയും വീട്ടില്‍ നിന്നിറങ്ങുകയുമായിരുന്നു എന്നാണ് യുവതികള്‍ നല്‍കിയ മൊഴി.

കയ്യില്‍ രക്തം വാര്‍ന്നൊഴുകുന്ന മുറിവുകളുമായി കണ്ട അശോക് ദാസിനെ സമീപത്തെ ക്ഷേത്രത്തിലേക്കുള്ള ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്നു കെട്ടിയിട്ടു ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയപ്പോഴേക്കും രക്തം വാര്‍ന്നൊഴുകി അവശ നിലയിലായിരുന്നു. അശോകിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കു കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അശോക് ദാസിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അശോക് ദാസിന്റെ ബന്ധുക്കള്‍ മൂവാറ്റുപുഴയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഇവര്‍ക്കു കൈമാറുമെന്നു പൊലീസ് പറഞ്ഞു. റൂറല്‍ ജില്ല പൊലീസ് ആസ്ഥാനത്തു നിന്ന് എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയാണു പരിശോധനകള്‍ നടത്തിയത്.

 
Other News in this category

 
 




 
Close Window