|
ഇന്ത്യ സന്ദര്‍ശിച്ചതിനെക്കുറിച്ച് അഭിപ്രായം പങ്കുവെച്ച ഏറ്റവും പുതിയ സന്ദര്‍ശകയാണ് വിദേശ യുവതി എമ്മ. ആഴ്ചകള്‍ നീണ്ട യാത്രയ്ക്ക് ശേഷം, രാജ്യത്തെ എട്ട് നഗരങ്ങള്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് അവര്‍ തന്റെ സത്യസന്ധമായ അഭിപ്രായം പങ്കുവെച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു സ്ത്രീയെന്ന നിലയില്‍ ഓരോ സ്ഥലത്തും തനിക്ക് എത്രത്തോളം സുരക്ഷിതത്വം അനുഭവപ്പെട്ടു എന്നതിനെക്കുറിച്ച് അവര്‍ റേറ്റിംഗ് നല്‍കി. ഇന്ത്യയെ 'തീവ്രവും, മനോഹരവും, നിരാശാജനകവും, ഹൃദയസ്പര്‍ശിയും എന്നിങ്ങനെ വ്യത്യസ്തമായ അനുഭവം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവര്‍ ഡല്‍ഹി, ഉദയ്പൂര്‍, ഗോവ, പുഷ്‌കര്‍, ആഗ്ര, മുംബൈ, കേരളം, ജയ്പൂര്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ക്ക് റേറ്റിംഗ് നല്‍കി.
ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോ, ഡല്‍ഹിയെ കുറിച്ചുള്ള അവരുടെ അവലോകനത്തോടെയാണ് ആരംഭിക്കുന്നത്. തലസ്ഥാനത്തിന് 10ല്‍ -1 റേറ്റിംഗ് നല്‍കിയ അവര്‍, ഈ നഗരത്തെ തുറിച്ചുനോട്ടവും കുഴപ്പങ്ങളും നിലയ്ക്കാത്ത ശബ്ദകോലാഹലവും നിറഞ്ഞ 'അസ്വസ്ഥത ഉണ്ടാക്കുന്നയിടം' എന്ന് വിശേഷിപ്പിച്ചു. തനിക്ക് തീര്‍ച്ചയായും അരക്ഷിതത്വം അനുഭവപ്പെട്ടുവെന്നും അവിടെ തനിച്ച് നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ സമ്മതിച്ചു. |