Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.8088 INR  1 EURO=103.2951 INR
ukmalayalampathram.com
Fri 14th Nov 2025
 
 
അസോസിയേഷന്‍
  Add your Comment comment
ക്നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ വാഴ്‌വ് 25ന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Text By: UK Malayalam Pathram

ക്നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലിന് നടത്തപ്പെടുന്ന വാഴ്വ് 25ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. യുകെയിലെ 15 ക്നാനായ മിഷനുകളിലെയും ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും നന്മകള്‍ വിതറുമ്പോള്‍ വാഴ്വ് 2025ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ കമ്മറ്റികള്‍ സുസജ്ജമായി പ്രവര്‍ത്തിക്കുന്നു. ക്നാനായ കാത്തലിക് മിഷന്‍സ് യുകെ കോഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര ചെയര്‍മാന്‍ ആയിട്ടുള്ള കമ്മറ്റിയില്‍ അഭിലാഷ് മൈലപറമ്പില്‍ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു. ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കല്‍, എന്നിവര്‍ കണ്‍വീനര്‍മാരായും സജി രാമചനാട്ട് ജോയിന്റ് കണ്‍വീനറായും എക്സിക്യൂട്ടീവ് കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. 2025 ഒക്ടോബര്‍ നാലിന് ബര്‍മിങ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് 'വാഴ്വ് 25 ' നടത്തപ്പെടുന്നത്. കോട്ടയം അതിരൂപതയിലെ പിതാക്കന്മാരുടെയും യുകെയിലെ ക്നാനായ വൈദികരുടെയും, കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയോടു കൂടിയാണ് കുടുംബ സംഗമത്തിന് ആരംഭം കുറിക്കുന്നത്. തുടര്‍ന്ന് യുകെയിലുള്ള എല്ലാ ക്നാനായ മിഷനുകളുടെയും കലാപരിപാടികള്‍ ഈ സംഗമത്തിന് മിഴിവേകും. യുകെ ക്നാനായ മിഷനുകളുടെ മൂന്നാമത്തെ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ സമുദായ അംഗങ്ങള്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. 15 ക്നാനായ മിഷനുകളില്‍ നിന്നുമുള്ള കൈക്കാരന്‍മാര്‍ ഉള്‍പ്പെടെയുള്ള നാഷണല്‍ കമ്മിറ്റിയില്‍ നിന്നും തിരഞ്ഞെടുത്ത വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വാഴ്വ് സുഖമായി നടത്തുന്നതിനായി നൂറില്‍പരം കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് 12 കമ്മിറ്റികള്‍ ആയി തിരിച്ചു ഓരോ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ വാഴ്വ്ന്റെ ഏറ്റവും പരമപ്രധാനമായ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഇത്തവണ ടിക്കറ്റ് വിതരണത്തില്‍ നിന്നും നിന്നും ലഭിക്കുന്ന വിഹിതത്തില്‍ നിന്നും കേരളത്തില്‍ നിര്‍ധനരായ കുടുംബത്തിന് കുറഞ്ഞത് ഒരു ഭവനം എങ്കിലും നിര്‍മ്മിച്ച് നല്‍കുവാന്‍ പദ്ധതിയിടുന്നു. ആയതിനാല്‍ തന്നെ ചാരിറ്റി ലക്ഷ്യത്തോടെയുള്ള വാഴ്വ് വിന്റെ ടിക്കറ്റ് വിതരണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയും വിവിധ മിഷനുകളിലെ നയന മനോഹരമായ കലാവിരുന്നും കുട്ടികളുടെയും യുവജനങ്ങളുടെയും ഊര്‍ജ്ജസ്വലമായ ചടുല ചുവടുകളോട് കൂടിയ ആകര്‍ഷണീയമായ നൃത്ത സംവിധാനങ്ങളും വാഴ്വില്‍ പങ്കെടുക്കുന്നവരുടെ മനം കുളിര്‍പ്പിക്കും. എല്ലാ കമ്മിറ്റികളെയും ഏകവും ഏകോപിപ്പിച്ച് വാഴ്വിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കോര്‍ കമ്മറ്റിയിലെ അംഗങ്ങള്‍ ദൈവത്തില്‍ ആശ്രയിച്ച് വാഴ്വിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച് വരുന്നു. സുഹൃത്ത് ബന്ധം പുതുക്കലും നമ്മുടെ പിതാക്കന്മാരോടും വൈദികരോടുമൊപ്പം പങ്കിടാനും ക്നാനായ സമുദായ അംഗങ്ങളുടെ കുടുംബ കൂട്ടായ്മയില്‍ വിശ്വാസത്തില്‍ ഊന്നിയ തനിമയില്‍, ഒരുമയോടെ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനും യുകെയിലെ എല്ലാ ക്നാനായ മക്കളെയും ഒക്ടോബര്‍ നാലിന് ബര്‍മിങാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേയ്ക്ക് ക്ഷണിക്കുന്നു. നമ്മുടെ യുവ തലമുറയ്ക്ക് ഒത്ത് ചേര്‍ന്ന് പരസ്പരം പരിജയപ്പെടാനും സൗഹൃദങ്ങള്‍ സ്ഥാപിക്കാനും കഴിഞ്ഞ രണ്ട് വാഴ്വിനും അവസരം ഉണ്ടായി എന്ന് .. യുവതലമുറയുടെ വാഴ്വില്‍ പങ്കെടുക്കാനുള്ള ആകാംഷയില്‍ നിന്ന് ബോധ്യമായി. ഇത്തവണത്തെ 'വാഴ്വ് 25 ' യുവതലമുറയുടെ ഒരു സംഗമ വേദി കൂടി ആയി മാറുകയാണ്. വിശ്വാസത്തില്‍ ഊന്നിയ ജീവിതം നയിക്കുന്ന യുവ ജനത അത്യധികം ആവേശത്തോടെ ഇത്തവണയും വാഴ്വില്‍ അണിചേരും. സമുദായിക പാരമ്പര്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിന് ഒപ്പം വിശ്വാസ ജീവിതം കൂടി പരിപോഷിപ്പിച്ച് നമ്മുടെ പൂര്‍വ്വികര്‍ പകര്‍ന്ന് തന്ന വിശ്വാസത്തില്‍ ഊന്നിയ ക്നാനായ സമുദായത്തെ വാര്‍ത്ത് എടുക്കാന്‍ യുകെയിലെ എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളോട് ഒപ്പം കുടുംബ സമേതം ഈ വാഴ്വില്‍ ഒത്തുകൂടി 'വാഴ്വ് 25 ' കുടുംബ കൂട്ടായ്മയായി മാറ്റും എന്ന് സംഘാടകര്‍ വിലയിരുത്തുന്നു.

 
Other News in this category

 
 




 
Close Window