Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.205 INR
ukmalayalampathram.com
Mon 21st Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഭാര്യയായാലും 18 വയസിന് താഴെയെങ്കില്‍ ശാരീരികബന്ധം പോക്സോ കുറ്റം: ഹൈക്കോടതി
reporter

കൊച്ചി: ഭാര്യയായാലും 18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള ശാരീരികബന്ധം പോക്സോ നിയമപ്രകാരമുള്ള കുറ്റമാണെന്ന് കേരള ഹൈക്കോടതി. 18 വയസിന് താഴെയുള്ളവര്‍ പോക്സോ നിയമപ്രകാരം കുട്ടികളായാണ് കണക്കാക്കപ്പെടുന്നതെന്നും വിവാഹബന്ധം അതിന് ഒഴിവാകില്ലെന്നും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ വ്യക്തമാക്കി. തനിക്കെതിരായ പോക്സോ കേസും ബലാത്സംഗക്കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ 27കാരന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. മുസ്ലിം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതാണെന്നും ഇക്കാര്യം പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയിലും സമ്മതിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഭാര്യയായതിനാല്‍ പോക്സോ നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്നായിരുന്നു പ്രധാന വാദം.

എന്നാല്‍ മതാചാരപ്രകാരം വിവാഹം നടന്നിട്ടുണ്ടെങ്കിലും പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ പോക്സോ നിയമത്തിന്റെ സംരക്ഷണം ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ഭാര്യയാണോ അല്ലയോ എന്നത് പോക്സോ കുറ്റം നിലനില്‍ക്കുന്നതില്‍ നിര്‍ണായകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2021ല്‍ പെണ്‍കുട്ടിക്ക് 17 വയസും ഒരു മാസവും പ്രായമുള്ളപ്പോഴാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് കേസ്. സംഭവത്തില്‍ ഹര്‍ജിക്കാരനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായുള്ള ശാരീരികബന്ധം ബലാത്സംഗമായി കണക്കാക്കേണ്ടതില്ലെന്ന ക്രിമിനല്‍ നിയമത്തിലെ പഴയ ഇളവും കേസില്‍ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. 2017ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന് ഇത്തരം ഒഴിവ് അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

 
Other News in this category

 
 




 
Close Window