ലണ്ടന്‍: ജീവിതച്ചെലവിന്റെ സമ്മര്‍ദം നേരിടുന്ന കുടുംബങ്ങള്‍ക്ക് 100 പൗണ്ടിന്റെ ഒറ്റത്തവണ ഊര്‍ജസഹായം പ്രഖ്യാപിച്ച് ബ്രിട്ടീഷ് ചാന്‍സലര്‍ ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റ്. ഇംഗ്ലണ്ടിലെ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകള്‍ എ മുതല്‍ ഡി വരെ ഉള്‍പ്പെടുന്ന വീടുകള്‍ക്കാണ് സഹായം ലഭിക്കുക. വെയില്‍സിലും സമാന സഹായം നല്‍കും. സ്‌കോട്ട്ലന്‍ഡും പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. സഹായത്തിനുള്ള ചെലവ് കണ്ടെത്താന്‍ വലിയ ബാങ്കുകളുടെ ലാഭത്തിന്മേലുള്ള സര്‍ചാര്‍ജ് മൂന്ന് ശതമാനത്തില്‍നിന്ന് ആറുശതമാനമാക്കും. 2027 ജനുവരി മുതല്‍ 2028 ഏപ്രില്‍ വരെയാണ് വര്‍ധന ബാധകമാകുക. ഗ്യാസ് ബില്ലുകളിലെ സ്റ്റാന്‍ഡിങ് ചാര്‍ജ് 2027ല്‍ ഒഴിവാക്കും. എന്നാല്‍, ഈ നിശ്ചിത ദിവസച്ചാര്‍ജിന്റെ തുക ഗ്യാസ് യൂണിറ്റ് നിരക്കിലേക്ക് മാറ്റുന്നതിനാല്‍ ഉപഭോഗത്തിനനുസരിച്ചായിരിക്കും കുടുംബങ്ങളുടെ ബില്ലില്‍ വ്യത്യാസമുണ്ടാകുക. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഇന്ധനത്തീരുവയിലെ അഞ്ച് പെന്‍സ് ഇളവ് ജൂലൈ വരെ തുടരും. ഏപ്രില്‍ മുതല്‍ മിനിമം വേതനം 3.9 ശതമാനം ഉയര്‍ത്താനും പ്രഖ്യാപനമുണ്ട്.
അതേസമയം, സേവിങ്‌സ്‌വാടക വരുമാനത്തില്‍ അടിസ്ഥാന നികുതിനിരക്കിലുള്ളവര്‍ക്ക് ബാധകമായ നിരക്ക് 2027 ഏപ്രില്‍ മുതല്‍ 24 ശതമാനമാകും. ക്യാഷ് ഐഎസ്എയുടെ വാര്‍ഷിക പരിധി 20,000 പൗണ്ടില്‍നിന്ന് 12,000 പൗണ്ടാക്കാനുള്ള മുന്‍തീരുമാനം റദ്ദാക്കി. ഇംഗ്ലണ്ടിലെ ഹൈസ്ട്രീറ്റ് വ്യാപാരികള്‍ക്ക് ബിസിനസ് റേറ്റ്‌സ് ഇളവിനുള്ള പരിധി 12,000 പൗണ്ടില്‍നിന്ന് 18,000 പൗണ്ടായി ഉയര്‍ത്തും. വേപ്പ് കടകള്‍ക്കും അഡള്‍ട്ട് ഗെയിമിങ് കേന്ദ്രങ്ങള്‍ക്കും ഇളവ് ലഭിക്കില്ല. അടുത്ത വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാപ്രവചനം ഒബിആര്‍ ഒരു ശതമാനമായി താഴ്ത്തിയ സാഹചര്യത്തിലാണ് ബജറ്റ്. പ്രതിരോധച്ചെലവും ക്ഷേമപദ്ധതികളും സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചു.