ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ വീണ്ടും ചേരുന്നതിനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന് മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രിമാര്‍. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട പഴയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ വീണ്ടും ഉയര്‍ത്തുന്നത് രാജ്യത്ത് ഭിന്നത വര്‍ധിപ്പിക്കുമെന്നാണ് വിമര്‍ശനം. അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍ ബേണ്‍ഹാമിന്റെ സമീപനത്തിനെതിരെ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും തുറക്കുന്നത് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍നിന്ന് ശ്രദ്ധ തിരിക്കുമെന്ന് ഋഷി സുനക് മുന്നറിയിപ്പ് നല്‍കി. ബ്രെക്സിറ്റ് അംഗീകരിച്ച് മുന്നോട്ടുപോകണമെന്ന നിലപാടാണ് മുന്‍ പ്രധാനമന്ത്രി തെരേസ മേയും സ്വീകരിച്ചത്. അതേസമയം, മുന്‍ ലേബര്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പുനഃപ്രവേശനത്തെ പൂര്‍ണമായി തള്ളാതെ നിബന്ധനകള്‍ മുന്നോട്ടുവച്ചു. യൂറോപ്യന്‍ യൂണിയന്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും സാങ്കേതിക നവീകരണത്തിന് അനുകൂലമായ സമീപനം സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ ബ്രിട്ടന്‍ വീണ്ടും അംഗത്വം പരിഗണിക്കാവൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഭക്ഷ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വ്യാപാരം, യുവജനങ്ങളുടെ സഞ്ചാരസൗകര്യം, കാര്‍ബണ്‍ പുറന്തള്ളല്‍ തുടങ്ങിയ വിഷയങ്ങളില്‍ യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തിയതായി ബേണ്‍ഹാം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമര്‍ശനം ശക്തമായത്. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നടപടിയായാണ് സര്‍ക്കാര്‍ കരാറിനെ അവതരിപ്പിക്കുന്നത്. എന്നാല്‍, കരാറിനായി ബ്രിട്ടന്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്‌തെന്നാണ് വിമര്‍ശകരുടെ ആരോപണം. യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ഥികളുടെ സര്‍വകലാശാലാ ഫീസ് സംബന്ധിച്ച ചര്‍ച്ചകളും ഇതിനൊപ്പം ഉയര്‍ന്നിട്ടുണ്ട്. പുതിയ ധാരണകളുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവിബന്ധം ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വീണ്ടും തര്‍ക്കവിഷയമാകുകയാണ്.