ലണ്ടന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധി രോഗീപരിചരണത്തെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഇംഗ്ലണ്ടിലെ 31 എന്‍എച്ച്എസ് ആശുപത്രി ട്രസ്റ്റുകള്‍. ചെലവ് ചുരുക്കാനുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ചികിത്സാ സേവനങ്ങളും ജീവനക്കാരുടെ എണ്ണവും കുറയ്ക്കേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഇതില്‍ 27 ട്രസ്റ്റുകള്‍ സാമ്പത്തിക പ്രതിസന്ധിയെ തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലണ്ടനിലെ കിങ്സ് കോളേജ് ആശുപത്രി ട്രസ്റ്റ് ഈ വര്‍ഷം 85 ദശലക്ഷം പൗണ്ടിന്റെ ചെലവ് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. സെന്റ് ജോര്‍ജ്സ്, എപ്സം ആന്‍ഡ് സെന്റ് ഹീലിയര്‍ ആശുപത്രി ഗ്രൂപ്പിന്റെ ലക്ഷ്യം 91 ദശലക്ഷം പൗണ്ടാണ്.
മരുന്നുകളുടെ വിലക്കയറ്റം, ജീവനക്കാരുടെ ശമ്പളവര്‍ധന, സമരങ്ങളുമായി ബന്ധപ്പെട്ട അധികച്ചെലവ്, വേനല്‍ക്കാലത്തെ ഉഷ്ണതരംഗങ്ങളെ തുടര്‍ന്നുണ്ടായ രോഗികളുടെ തിരക്ക് എന്നിവ സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിച്ചതായി ആശുപത്രി അധികൃതര്‍ പറയുന്നു. പ്രായോഗികമല്ലാത്ത ചെലവുചുരുക്കല്‍ ലക്ഷ്യങ്ങള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് അടിച്ചേല്‍പ്പിക്കുന്നുവെന്ന വിമര്‍ശനവും ആശുപത്രി മേധാവികള്‍ ഉയര്‍ത്തുന്നുണ്ട്. ചെലവുചുരുക്കല്‍ രോഗീപരിചരണത്തെ ബാധിക്കുന്നതിന്റെ ഉദാഹരണമാണ് കെന്റിലെ കാന്‍സര്‍ രോഗികളുടെ അനുഭവം. കീമോതെറാപ്പിക്ക് മുമ്പുള്ള അപ്പോയിന്റ്മെന്റുകള്‍ക്കായി ചിലര്‍ക്ക് ഒരു മാസംവരെ കാത്തിരിക്കേണ്ടിവന്നു. അധിക ഷിഫ്റ്റുകളിലെ വേതനം കുറച്ചതോടെ അവ ഏറ്റെടുക്കുന്ന നഴ്സുമാരുടെ എണ്ണം കുറഞ്ഞതാണ് ജീവനക്കാരുടെ ക്ഷാമത്തിന് കാരണമായത്. ആശുപത്രികളുടെ സാധാരണ പ്രവര്‍ത്തനം നിലനിര്ത്തുന്നതിനുപോലും സാമ്പത്തിക നിയന്ത്രണങ്ങള്‍ വെല്ലുവിളിയാകുന്ന സാഹചര്യമാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള ജീവനക്കാരുടെ ക്ഷാമത്തിനൊപ്പം കൂടുതല്‍ വെട്ടിക്കുറയ്ക്കലുകള്‍ വരുന്നത് ചികിത്സയിലെ കാലതാമസം വര്‍ധിപ്പിക്കുമെന്ന ആശങ്കയും ശക്തമാണ്.