നാസോ: വര്‍ണാഭമായ വേഷങ്ങളും സംഗീതവും നിറഞ്ഞ ബഹാമസിലെ ജങ്കനൂ തെരുവാഘോഷത്തില്‍ കലാകാരന്മാര്‍ക്കൊപ്പം നൃത്തംചെയ്ത് ചാള്‍സ് മൂന്നാമന്‍ രാജാവ്. കരീബിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 28ന് തലസ്ഥാനമായ നാസോയിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ നടന്ന പരിപാടിയിലാണ് രാജാവ് പങ്കുചേര്‍ന്നത്. ആദ്യം ഘോഷയാത്ര വീക്ഷിച്ചുനിന്ന ചാള്‍സ് പിന്നീട് കലാകാരന്മാര്‍ക്കൊപ്പം ചുവടുവെക്കുകയായിരുന്നു. ബഹാമസിന്റെ ദേശീയനിറങ്ങളിലുള്ള മണികള്‍ കുലുക്കി സംഗീതത്തിനൊപ്പം നീങ്ങിയ രാജാവിനെ കാണികള്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിച്ചു. സംഗീതവും നൃത്തവും അലങ്കാരവേഷങ്ങളും തെരുവുഘോഷയാത്രകളും ചേരുന്ന ബഹാമസിന്റെ പരമ്പരാഗത ആഘോഷമാണ് ജങ്കനൂ. സാധാരണയായി ഡിസംബര്‍ 26നും പുതുവത്സരദിനത്തിലുമാണ് പ്രധാന ആഘോഷങ്ങള്‍ നടക്കുന്നത്. രാജാവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പ്രത്യേക പരിപാടി ഒരുക്കിയത്.
സന്ദര്‍ശനത്തിനിടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച സ്റ്റാളുകളിലെത്തിയ ചാള്‍സ് വ്യാപാരികളുമായി സംസാരിച്ചു. പരമ്പരാഗത ഭക്ഷണവിഭവങ്ങളുടെ ചേരുവകളെക്കുറിച്ചും നിര്‍മാണരീതികളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. കാണികളില്‍ ചിലരുമായി കൈകൊടുത്തും രാജാവ് സൗഹൃദം പങ്കിട്ടു. അതേസമയം, അടിമക്കച്ചവടത്തിലെ ബ്രിട്ടന്റെ ചരിത്രപരമായ പങ്കിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പ്രതിഷേധവും സ്ഥലത്തുണ്ടായിരുന്നു. നഷ്ടപരിഹാര ആവശ്യമുന്നയിക്കുന്ന പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഒമ്പതുദിവസത്തെ കരീബിയന്‍ പര്യടനത്തിന്റെ ആദ്യഘട്ടമാണ് ബഹാമസ് സന്ദര്‍ശനം. തുടര്‍ന്ന് ഗയാനയും ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയും സന്ദര്‍ശിക്കുന്ന രാജാവ് കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിലും പങ്കെടുക്കും.