മാഞ്ചസ്റ്റര്‍: യുകെ മ്യൂസിക്കിന്റെ 2026ലെ ഔട്ട്സ്റ്റാന്‍ഡിങ് എംഎപി ഗ്രാജുവേറ്റ് അവാര്‍ഡില്‍ തിരുവനന്തപുരം സ്വദേശിയും സംഗീതാധ്യാപകനുമായ ജെബി ജോസഫ് റണ്ണറപ്പായി. സംഗീതത്തിലൂടെ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ക്കാണ് മാഞ്ചസ്റ്ററില്‍ നടന്ന ചടങ്ങില്‍ ജെബിയെ ആദരിച്ചത്. ബ്രിട്ടനിലെ സംഗീത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംഗീത വ്യവസായത്തെയും ബന്ധിപ്പിക്കുന്ന മ്യൂസിക് അക്കാദമിക് പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമാണ് പുരസ്‌കാരം. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ജെബി സംഗീതാധ്യാപനമാണ് തൊഴിലായി തിരഞ്ഞെടുത്തത്. 2020ല്‍ തുടങ്ങിയ 'PianoWithJebby' എന്ന ഓണ്‍ലൈന്‍ അക്കാദമിയിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 400ലധികം വിദ്യാര്‍ഥികള്‍ക്ക് പിയാനോ പഠിപ്പിച്ചു. ഈ സംരംഭത്തിന് സെപ്റ്റംബറില്‍ ന്യൂകാസില്‍ സര്‍വകലാശാലയുടെ ഡോ. ജെയിന്‍ നോളന്‍ ഇന്നവേഷന്‍ ആന്‍ഡ് എന്റര്‍പ്രൈസ് പുരസ്‌കാരവും ലഭിച്ചു.
വൈസ് ചാന്‍സലേഴ്സ് ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പോടെ ന്യൂകാസില്‍ സര്‍വകലാശാലയില്‍ സംഗീതവിദ്യാഭ്യാസത്തില്‍ ബിരുദാനന്തര പഠനത്തിനെത്തിയ ജെബിയെ യുകെ മ്യൂസിക് പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത് സംഗീതവിഭാഗം മേധാവി ഡോ. ആദം ബെഹറാണ്. അതേ ചടങ്ങില്‍ ബെഹറിന് 'എംഎപി ട്യൂട്ടര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരവും ലഭിച്ചു. ഓഗസ്റ്റ് 31ന് ബിരുദാനന്തര ഗവേഷണപ്രബന്ധം സമര്‍പ്പിച്ച ജെബി പിറ്റേന്ന് ഇംഗ്ലണ്ടിലെ സറേയിലുള്ള ഒരു ബോര്‍ഡിങ് സ്‌കൂളില്‍ സംഗീതാധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അവിടെ പിയാനോയും സംഗീതസിദ്ധാന്തവും പഠിപ്പിക്കുന്നതിനൊപ്പം സംഗീതപരീക്ഷകള്‍ക്കും സ്‌കോളര്‍ഷിപ്പ് ഓഡിഷനുകള്‍ക്കും വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നു.