Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 01st Nov 2026
 
 
UK Special
  Add your Comment comment
ബ്രിട്ടന്റെ കുടിയേറ്റ പരിഷ്‌കാരങ്ങള്‍ അടുത്തയാഴ്ച പാര്‍ലമെന്റിലേക്ക്; ഇളവുകള്‍ക്കായി ലേബര്‍ എംപിമാരുടെ സമ്മര്‍ദം
reporter

ലണ്ടന്‍: സ്ഥിരതാമസാനുമതി ലഭിക്കുന്നതിനുള്ള കാത്തിരിപ്പുകാലം നീട്ടുന്നതുള്‍പ്പെടെയുള്ള കുടിയേറ്റ പരിഷ്‌കാരങ്ങള്‍ ആഭ്യന്തരമന്ത്രി ഷബാന മഹ്‌മൂദ് അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭയ്ക്കുള്ളിലും ലേബര്‍ എംപിമാര്‍ക്കിടയിലും എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ നിര്‍ദേശങ്ങളില്‍ ഇളവുകള്‍ വരുത്തിയേക്കുമെന്നാണ് സൂചന. ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കുന്നതിനുള്ള സാധാരണ കാലാവധി അഞ്ചില്‍നിന്ന് പത്ത് വര്‍ഷമാക്കാനുള്ള നിര്‍ദേശമാണ് കുടിയേറ്റക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നത്. ചില വിഭാഗങ്ങള്‍ക്ക് കാത്തിരിപ്പുകാലം 15 വര്‍ഷം വരെയാകാമെന്ന നിര്‍ദേശത്തിനെതിരെയും വിമര്‍ശനമുണ്ട്. പരിഷ്‌കാരങ്ങള്‍ നിലവില്‍ ബ്രിട്ടനില്‍ കഴിയുന്നവര്‍ക്കും ബാധകമാകുമോയെന്നതാണ് പ്രധാന ആശങ്ക. ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ബില്ലിലെ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് 80 എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. ഡസന്‍കണക്കിന് ലേബര്‍ എംപിമാര്‍ നിര്‍ദേശങ്ങളെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ഇടവേളയ്ക്കു തൊട്ടുമുമ്പ് പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കാനുള്ള നീക്കം പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കമ്മ്യൂണിറ്റീസ് സെക്രട്ടറി ആഞ്ചെല റെയ്നറും എനര്‍ജി സെക്രട്ടറി മിയാത്ത ഫാന്‍ബുള്ളെയും പദ്ധതിക്കെതിരെ നിലപാട് അറിയിച്ചിട്ടുണ്ട്. സ്ഥിരതാമസാനുമതി വൈകിക്കുന്നത് കുടിയേറ്റക്കാര്‍ സമൂഹത്തിന്റെ ഭാഗമാകുന്ന പ്രക്രിയയും നീട്ടുമെന്ന് പെക്കാം എംപിയായ മിയാത്ത അഭിപ്രായപ്പെട്ടു. കുടിയേറ്റ വിഷയത്തെ നിയന്ത്രണത്തോടൊപ്പം സഹിഷ്ണുതയോടെയും സമീപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ബ്രിട്ടനില്‍ ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്നവരെ പുതിയ വ്യവസ്ഥകള്‍ ബാധിക്കുമെന്നതാണ് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ചുവര്‍ഷത്തെ താമസകാലം പൂര്‍ത്തിയാക്കി സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ ഒരുങ്ങുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തിമ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതേസമയം, കോവിഡ് കാലത്ത് വലിയ തോതില്‍ എത്തിയ കുടിയേറ്റക്കാര്‍ നിലവിലെ വ്യവസ്ഥകള്‍പ്രകാരം സ്ഥിരതാമസത്തിന് യോഗ്യരാകുമെന്നാണ് കാലാവധി നീട്ടുന്നതിന് അനുകൂലമായി ആഭ്യന്തരമന്ത്രി ഉന്നയിക്കുന്ന വാദം. പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദത്തെത്തുടര്‍ന്ന് പദ്ധതിയില്‍ എത്രത്തോളം മാറ്റം വരുത്തുമെന്നത് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നിര്‍ദേശങ്ങളിലൂടെ വ്യക്തമാകും.

 
Other News in this category

 
 




 
Close Window