ലണ്ടന്‍: ഉയര്‍ന്ന മോര്‍ട്ട്ഗേജ് പലിശനിരക്കുകള്‍ വീട് വാങ്ങുന്നവരെ പിന്തിരിപ്പിക്കുന്നതിനിടെ യുകെയിലെ ഭവനവില വര്‍ധനയുടെ വേഗം കുറഞ്ഞു. ഒക്ടോബറില്‍ വാര്‍ഷിക വിലവര്‍ധന 0.5 ശതമാനമായെന്ന് നേഷന്‍വൈഡ് ബില്‍ഡിങ് സൊസൈറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ജനുവരിക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. സെപ്റ്റംബറില്‍ വാര്‍ഷിക വിലവര്‍ധന 0.8 ശതമാനമായിരുന്നു. മാസാടിസ്ഥാനത്തില്‍ സെപ്റ്റംബറില്‍ 0.3 ശതമാനം കുറഞ്ഞ വീടുകളുടെ വില ഒക്ടോബറില്‍ മാറ്റമില്ലാതെ തുടര്‍ന്നു. യുകെയിലെ ശരാശരി ഭവനവില 273,566 പൗണ്ടാണ്. അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള ഊര്‍ജവില വര്‍ധന പണപ്പെരുപ്പ ആശങ്കകള്‍ ശക്തമാക്കിയെന്ന് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്നര്‍ പറഞ്ഞു. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ദുര്‍ബലമാവുകയും നിരക്ക് ഉയര്‍ത്താനുള്ള സാധ്യത വിപണി കണക്കിലെടുക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ രണ്ടുവര്‍ഷത്തെയും അഞ്ചുവര്‍ഷത്തെയും സ്ഥിരപലിശ മോര്‍ട്ട്ഗേജ് വായ്പകളുടെ ചെലവ് വര്‍ധിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തെ മോര്‍ട്ട്ഗേജുകളുടെ ശരാശരി പലിശനിരക്ക് 5.97 ശതമാനത്തിലെത്തിയതായാണ് കണക്ക്. ഉയര്‍ന്ന തിരിച്ചടവ് ബാധ്യത വീട് വാങ്ങാനുള്ള തീരുമാനങ്ങള്‍ വൈകിപ്പിക്കുന്നതായും വിലയിരുത്തപ്പെടുന്നു. നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനമാണ്. അടുത്തയാഴ്ച ഇത് നാല് ശതമാനമായി ഉയര്‍ത്തിയേക്കുമെന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ മൂന്നുവര്‍ഷത്തിനിടെ ആദ്യമായാകും ബാങ്ക് നിരക്ക് വര്‍ധിപ്പിക്കുന്നത്.