ലണ്ടന്‍: ഇന്ത്യയില്‍ 75 ദിവസം നീണ്ട യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഓട്ടോറിക്ഷ സ്വന്തം നാട്ടിലെത്തിച്ച് ബ്രിട്ടീഷ് ദമ്പതികള്‍. ഹെലനും മിക്കും ചേര്‍ന്നാണ് 'ടിമ്മി ദ ടിന് കാന്‍' എന്ന് പേരിട്ട ബജാജ് ഓട്ടോറിക്ഷ കപ്പല്‍മാര്‍ഗം ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത ചുവപ്പും കറുപ്പും നിറമുള്ള ഓട്ടോറിക്ഷയില്‍ ഇരുവരും ഇന്ത്യയിലൂടെ 4,218 കിലോമീറ്റര്‍ സഞ്ചരിച്ചു. ആഗ്രയും താജ്മഹലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച യാത്രയില്‍ വാഹനം ഇവര്‍ക്ക് പ്രിയപ്പെട്ട കൂട്ടാളിയായി മാറി. മുന്‍വശത്ത് കാര്‍ട്ടൂണ്‍ കണ്ണുകളും ചിരിയും വരച്ച ഓട്ടോറിക്ഷ യാത്രയ്ക്കിടയിലും ശ്രദ്ധ നേടിയിരുന്നു.
യാത്ര അവസാനിച്ചപ്പോള്‍ ഓട്ടോറിക്ഷ ഉപേക്ഷിക്കാന്‍ മനസ്സുവരാതിരുന്നതോടെയാണ് ബ്രിട്ടനിലെത്തിക്കാന്‍ തീരുമാനിച്ചത്. ആറുമാസത്തെ കാത്തിരിപ്പിനുശേഷം ഒക്ടോബര്‍ 23ന് ലണ്ടന്‍ ഗേറ്റ്വേ തുറമുഖത്ത് ദമ്പതികള്‍ വാഹനത്തെ സ്വീകരിച്ചു. വ്യവസായി ഹര്‍ഷ് ഗോയങ്ക ഈ കഥ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെ കൂടുതല്‍ ശ്രദ്ധനേടി. ബ്രിട്ടനിലെ പൊതുനിരത്തുകളില്‍ ഓട്ടോറിക്ഷ ഓടിക്കുന്നതിനുമുമ്പ് ആവശ്യമായ രേഖകളും പ്രാദേശിക വാഹനനിയമങ്ങള്‍ അനുസരിച്ചുള്ള നടപടികളും പൂര്‍ത്തിയാക്കണം. ഇതിനുള്ള ഒരുക്കത്തിലാണ് ദമ്പതികള്‍.