ലണ്ടന്‍: യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഫ്രിഡ്ജുകളുടെയും ഫ്രീസറുകളുടെയും താപനില ഹാക്കര്‍മാര്‍ വിദൂരമായി മാറ്റിയതിനെത്തുടര്‍ന്ന് ബ്രിട്ടനിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രം (എന്‍സിഎസ്സി) മുന്നറിയിപ്പ് നല്കി. ചിലയിടങ്ങളില്‍ താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന വിധത്തില്‍ ക്രമീകരിച്ചതായും ശീതീകരിച്ചു സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ കേടായതായും റിപ്പോര്‍ട്ടുണ്ട്. ബെല്‍ജിയം, സ്വീഡന്, അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, എസ്റ്റോണിയ എന്നിവിടങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ആഴ്ചകള്‍ക്കു മുമ്പ് ഫ്രാന്‍സിലെ നൂറുകണക്കിന് പലചരക്കുകടകളിലും സമാനമായ സംഭവങ്ങളുണ്ടായി. സ്വീഡിഷ് ഫര്‍ണിച്ചര്‍ ശൃംഖലയായ ഐകിയയുടെ ചില സ്ഥാപനങ്ങളെയും ആക്രമണം ബാധിച്ചു.
ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇതുവരെ സമാനമായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ടെസ്കോ, സെയിന്‍സ്ബറി തുടങ്ങിയ ശൃംഖലകളിലും സമാനമായ ശീതീകരണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ നിയന്ത്രണ സംവിധാനങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി പരിഹരിക്കാനും സംവിധാനങ്ങള്‍ പുതുക്കാനും എന്‍സിഎസ്സി വ്യാപാര സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.