ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ബ്രിട്ടനില്‍നിന്നുള്ള ബള്‍ക്ക് സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി മൂല്യത്തില്‍ കുതിപ്പ്. 2026 ഓഗസ്റ്റില്‍ ഇറക്കുമതി മൂല്യം മുന്‍വര്‍ഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് ഏകദേശം ആയിരം ശതമാനം വര്‍ധിച്ച് 1.239 കോടി ഡോളറിലെത്തിയതായി വ്യാപാര കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടുലിറ്ററിലധികം ശേഷിയുള്ള പാത്രങ്ങളില്‍ ഇറക്കുമതി ചെയ്യുന്ന സ്‌കോച്ചിന്റെ കണക്കാണിത്.
ജൂലൈ 15ന് വ്യാപാരകരാര്‍ പ്രാബല്യത്തില്‍ വന്നശേഷമുള്ള ആദ്യ പൂര്‍ണമാസമാണ് ഓഗസ്റ്റ്. കരാറിന്റെ ഭാഗമായി സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍നിന്ന് 75 ശതമാനമായി കുറയ്ക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ബള്‍ക്ക് ഇറക്കുമതിക്ക് ഈ ഇളവ് ബാധകമാണോയെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ഇറക്കുമതി ചരക്കുകള്‍ക്ക് നല്‍കിയ എച്ച്എസ്എന്‍ വര്‍ഗീകരണവും അതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച തീരുവയിളവുമാണ് പരിശോധനയ്ക്ക് വിധേയമായിരിക്കുന്നത്. പെര്‍നോ റിക്കാര്‍ഡ്, ഡിയാജിയോ തുടങ്ങിയ കമ്പനികളുടെ ബള്‍ക്ക് സ്‌കോച്ച് ഇറക്കുമതി സംബന്ധിച്ച് അധികൃതര്‍ അന്വേഷണം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. വ്യാപാരകരാറിലെ തീരുവ വ്യവസ്ഥകളുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയും ബ്രിട്ടനും ചര്‍ച്ചകള്‍ നടത്തുകയാണ്.