ഹാംഷെയര്‍: ഇംഗ്ലണ്ടിലെ ചാന്‍ഡ്ലേഴ്സ് ഫോര്‍ഡില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ അഞ്ച് കൗമാരക്കാര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം സംശയിച്ച് ബ്രിസ്റ്റോള്‍ സ്വദേശിയായ 16കാരനെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ശനിയാഴ്ച രാത്രി പത്തരയ്ക്കുശേഷമാണ് ആക്രമണത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സുരക്ഷാ ക്രമീകരണങ്ങളോടെ നടത്തിയിരുന്ന സ്വകാര്യ പാര്‍ട്ടിയിലേക്ക് ക്ഷണിക്കപ്പെടാത്ത യുവാക്കളുടെ സംഘം വേലി ചാടിക്കടന്ന് എത്തിയെന്നാണ് വിവരം. വീട്ടുവളപ്പിലും സമീപത്തെ തെരുവുകളിലുമാണ് കൗമാരക്കാര്‍ക്ക് കുത്തേറ്റത്.
പരിക്കേറ്റവരില്‍ മൂന്നുപേര്‍ക്ക് 16 വയസ്സും രണ്ടുപേര്‍ക്ക് 17 വയസ്സുമാണ് പ്രായം. ആരോഗ്യനില മെച്ചപ്പെട്ട നാലുപേരെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ 17കാരനായ ഒരാള്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് 16ഉം 17ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും പങ്കെടുത്തവരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.