തിരുവനന്തപുരം: മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ താന്‍ ചോര്‍ത്തിയെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. പിന്നില്‍നിന്ന് അമ്പെയ്യുന്ന സമീപനം തനിക്കില്ലെന്നും കാര്യങ്ങള്‍ നേരിട്ട് പറയുന്നതാണ് രീതിയെന്നും അദ്ദേഹം വ്യക്തമാക്കി. പിഎസ്സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട മന്ത്രിസഭാ ചര്‍ച്ചകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി സര്‍ക്കാരിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനാണ് കൂട്ടായ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിലും യുഡിഎഫിലും ഏകോപനക്കുറവുണ്ടെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. ഏകോപനമില്ലായിരുന്നെങ്കില്‍ മുന്നണിക്ക് 102 സീറ്റുകള്‍ നേടാനാകുമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും ഒരുമിച്ച് മുന്നോട്ടുപോകുമെന്നും കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും അവ പരിഹരിക്കാനാകുമെന്നും മുരളീധരന്‍ പറഞ്ഞു. പിഎസ്സി പട്ടികയിലെ ഒരു പേരിനെക്കുറിച്ച് മുഖ്യമന്ത്രി ഉന്നയിച്ച സംശയം അന്നുതന്നെ പരിഹരിച്ചു. പട്ടിക ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചശേഷം നിയമനവിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു. പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെയെന്നും മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തില്‍ തന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയതിനാല്‍ കൂടുതല്‍ ഇടപെടേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.