Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വ്യാജ അഡ്രസും കള്ള ഒപ്പുമിട്ട് നേടിയെടുത്ത 21 വിവാഹമോചന കേസുകളുടെ വിധി യുകെയിലെ ഹൈക്കോടതി റദ്ദാക്കി
reporter
യുകെയില്‍ വ്യാജ മേല്‍വിലാസങ്ങളുണ്ടാക്കി നേടിയെടുത്ത 21 വിവാഹ മോചനക്കേസുകളുടെ വിധി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈക്കോടതി (ഫാമിലി ഡിവിഷന്‍) റദ്ദാക്കി. ഡിവോഴ്‌സ് പെറ്റീഷനു നല്‍കിയ അഡ്രസ് തട്ടിപ്പാണെന്നു കണ്ടെത്തിയ കോടതി, അപേക്ഷകളിലെ ഒപ്പുകള്‍ വ്യാജമാണെന്നും വിധിയെഴുതി. നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ഖാലിക് ബാട്ടു എന്ന മുന്‍ ബാരിസ്റ്ററാണ് വര്‍ഷങ്ങളായി കോടതിയെ കബളിപ്പിച്ചത്. ഇയാള്‍ വാദിച്ചു നേടിയ 21 ഡിവോഴ്‌സ് കേസുകളിലെയും വിധി കോടതി റദ്ദു ചെയ്തു.
വിവാഹ മോചനത്തിനായി എത്തിയ കക്ഷികളെ തന്റെ ബന്ധുവിന്റെ വീട്ടില്‍ ഒന്നോ രണ്ടോ ദിവസം താമസിപ്പിച്ച് ആ വീടിന്റെ മേല്‍വിലാസത്തില്‍ ഖാലിക് ബട്ടു ഡിവോഴ്‌സ് പെറ്റീഷന്‍ നല്‍കിയതായി കോടതി കണ്ടെത്തി. കോടതിയില്‍ സമര്‍പ്പിച്ച ചില കടലാസുകളിലെ കയ്യൊപ്പ് വ്യാജമാണെന്നും കോടതി തിരിച്ചറിഞ്ഞു. ഖാലിക് തന്നെയാണ് ഈ ഒപ്പുകളിട്ടതെന്നാണ് കോടതിയുടെ നിഗമനം.
സൗത്താളിലെ അഡ്രസ് നല്‍കിയാല്‍ മതിയെന്നും ബാക്കിയെല്ലാ കാര്യങ്ങളും താന്‍ ശരിയാക്കി തരാമെന്നുമാണ് ഡിവോഴ്‌സിനെത്തിയ ചിലരോട് ഖാലിക് പറഞ്ഞിരുന്നത്. വ്യാജ രേഖകള്‍ ചമച്ചതിനും വ്യാജ മേല്‍വിലാസം നല്‍കി കോടതിയെ വഞ്ചിച്ചതിനും ആവശ്യമുള്ള തെളിവുകള്‍ ഖാലിക്കിന്റെ കക്ഷികളുടെ കയ്യില്‍ നിന്നു തന്നെ കോടതിക്കു ലഭിച്ചു. ഒമ്പതു പെറ്റീഷനുകളിലെ പ്രതികളില്‍ ഒന്നു രണ്ടു പേര്‍ പതിക്കെതിരേ മൊഴി നല്‍കി.
ഫാമിലി ഡിവിഷന്‍ പ്രസിഡന്റ് സര്‍ ജയിംസ് മണ്‍ബിയാണ് ഈ കേസില്‍ വിധി പറഞ്ഞത്. ഫോറന്‍സിക് എക്‌സാമിനറുടെ സഹായമില്ലാതെ തന്നെ രേഖകള്‍ വ്യാജമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. 21 ഡിവോഴ്‌സ് പെറ്റീഷനുകളും റദ്ദാക്കിയ കോടതി, ക്യൂന്‍സ് പ്രോക്ടര്‍ ചെലവുകള്‍ നഷ്ടപരിഹാരമായി പ്രതി നല്‍കണമെന്നും ഉത്തരവിട്ടു.
 
Other News in this category

 
 




 
Close Window