Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം തുടരുന്നു, ടോറിയുടെ തകര്‍ച്ച പൂര്‍ണമാക്കി ട്രസ്
reporter

ലണ്ടന്‍: ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റ് കൊണ്ട് പൊതുജനങ്ങള്‍ക്ക് എത്രത്തോളം ഗുണമുണ്ടെന്ന ചോദ്യത്തിന് 'വലിയ ഗുണമൊന്നുമില്ലെന്ന' മറുപടി എളുപ്പത്തില്‍ പറയാം. എന്നാല്‍ ഇതുകൊണ്ട് ആര്‍ക്കും ഗുണമില്ലെന്ന് പറയരുത്. കൈയടി വാങ്ങാനായി ലിസ് ട്രസും, ക്വാര്‍ട്ടെംഗും എമര്‍ജന്‍സി ബജറ്റ് അവതരിപ്പിച്ച് ധനികര്‍ക്ക് സമ്മാനങ്ങള്‍ വാരിക്കോരി നല്‍കിയിരുന്നു. പക്ഷെ ഇതിന്റെ ഗുണം ഏറ്റവും കൂടുതല്‍ സിദ്ധിച്ചത് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കാണ്. വിപണിയില്‍ തിരിച്ചടികള്‍ നേരിടുകയും, മോര്‍ട്ട്ഗേജ് നിരക്കുകള്‍ സകല നിയന്ത്രണങ്ങളും വിട്ട് കുതിക്കുകയും ചെയ്യുമെന്ന ഭീതി പരന്നതോടെ ലേബര്‍ പാര്‍ട്ടിക്ക് വന്‍മുന്നേറ്റമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞത്. റെഡ്ഫീല്‍ഡ് & വില്‍ടണ്‍ സ്ട്രാറ്റജീസിന്റെ ഗവേഷണത്തില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിക്ക് 28 പോയിന്റ് ലീഡാണുള്ളത്. 52 ശതമാനം പൊതുജനങ്ങളും ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു.

കേവലം 24 ശതമാനം പേരാണ് കണ്‍സര്‍വേറ്റീവുകളെ ഇപ്പോള്‍ പിന്തുണയ്ക്കുന്നത്. ലിസ് ട്രസിന് സര്‍വ്വെകള്‍ വ്യക്തിപരമായ ആശങ്കയും സമ്മാനിക്കുന്നുണ്ട്. പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് ആഴ്ചകള്‍ തികയുന്നതിന് മുന്‍പ് തന്നെ ട്രസ് പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മറിനേക്കാള്‍ 14 പോയിന്റ് പിന്നിലാണ്. മികച്ച പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിനാണ് ഈ പിന്നോട്ട് പോക്ക്! പാര്‍ട്ടിഗേറ്റ് വിവാദം ആളിക്കത്തിയ സമയത്ത് ബോറിസ് ജോണ്‍സന് ലഭിച്ച വോട്ടുകളേക്കാള്‍ മോശമാണ് ലിസ് ട്രസിന്റെ നില. സാവന്റ നടത്തിയ മറ്റൊരു സര്‍വ്വെയും ട്രസിന് മോശം വാര്‍ത്തയാണ് സമ്മാനിച്ചത്. പ്രധാനപാര്‍ട്ടികള്‍ തമ്മില്‍ 25 പോയിന്റ് അന്തരം നിലനില്‍ക്കുന്നുവെന്നാണ് ഈ സര്‍വ്വെ പറയുന്നത്. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ലേബര്‍ പാര്‍ട്ടി ഏകപക്ഷീയ വിജയം നേടുമെന്ന വാര്‍ത്ത കണ്‍സര്‍വേറ്റീവുകളെ ഞെട്ടിക്കുകയാണ്. ടോറി കോണ്‍ഫറന്‍സില്‍ തന്റെ അബദ്ധങ്ങള്‍ ചിരിച്ചുതള്ളാനാണ് ചാന്‍സലര്‍ ക്വാര്‍ട്ടെംഗ് ശ്രമിച്ചത്. എന്നാല്‍ കൃത്യമായ മറുപടികള്‍ ഉണ്ടായില്ലെങ്കില്‍ ലിസ് ട്രസ് ടോറി ഭരണത്തിന് ചരമക്കുറിപ്പ് എഴുതുമെന്നാണ് വ്യക്തമാകുന്നത്.

 
Other News in this category

 
 




 
Close Window