Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
ഹോളിഡേ സ്വപ്‌നങ്ങള്‍ പൊളിഞ്ഞു, മോട്ടോര്‍വേകളില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്
reporter

ലണ്ടന്‍: ബാങ്ക് ഹോളിഡേയ്ക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും അവധി ദിവസങ്ങളിലോ ക്രിസ്മസ് പോലുള്ള ആഘോഷങ്ങള്‍ക്കോ വണ്ടിയുമെടുത്ത് കുടുംബത്തോടൊപ്പം യാത്ര പോകുന്നത് ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയങ്കരമാണ്. എന്നാല്‍ ഇത്തരം അവധി ദിവസങ്ങളില്‍ രാജ്യമാകമാനമുള്ള റോഡുകളിലും മോട്ടോര്‍വേകളിലും പതിവായുണ്ടാകുന്ന മണിക്കൂറുകളോളം വരെ നീളുന്ന ട്രാഫിക്ക് ബ്ലോക്കുകള്‍ ഇത്തരം ആഘോഷ നിമിഷങ്ങളുടെ നിറം തല്ലിക്കെടുത്താറുമുണ്ട്. ഇന്നലത്തെ ബാങ്ക് ഹോളിഡേയുടെ അന്ന് വണ്ടിയുമെടുത്ത് റോഡിലിറങ്ങിയവര്‍ക്കും പലയിടങ്ങളിലായി മണിക്കൂറുകളോളം ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കേണ്ടി വന്നുവെന്ന നിരാശാജനകമായ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മേയ് മാസത്തിലെ അവസാനത്തെ ബാങ്ക് ഹോളിഡേയും ഹാഫ് ടേമും പ്രമാണിച്ച് നിരവധി പേരാണ് ഇന്നലെ കാറും മറ്റ് വാഹനങ്ങളുമായി ഹോളിഡേ ആഘോഷിക്കാന്‍ കൂട്ടത്തോടെയെത്തിയിരുന്നത്. അതിനെ തുടര്‍ന്ന് മോട്ടോര്‍വേകളിലും എയര്‍പോര്‍ട്ടുകളിലും ഫെറികളിമൊക്കെയായി ആയിരക്കണക്കിന് കുടുംബങ്ങളാണ് മണിക്കൂറുകളോളം കാത്ത് കെട്ടിക്കിടക്കേണ്ടി വന്നിരിക്കുന്നത്. റോഡുകളിലായിരുന്നു ഏറ്റവും ദുരിതമയമായ ട്രാഫിക്ക് ജാം ഇന്നലെ സംജാതമായിരുന്നത്.

എം6ല്‍ ജംഗ്ഷന്‍ 14നും 15നും മധ്യേയുള്ള രണ്ട് ലൈനുകള്‍ ഇന്നലെ അടച്ചതിനെ തുടര്‍ന്ന് ഏതാണ്ട് അഞ്ച് മൈല്‍ നീളം വരെ ട്രാഫിക്ക് കുരുക്ക് നീണ്ടിരുന്നു. നേരത്തെ തന്നെ പലയിടങ്ങളിലെ കുരുക്കുകളില്‍ പെട്ട് ഇവിടെയെത്തിയവരുടെ യാത്ര വീണ്ടും അര മണിക്കൂര്‍ വരെ വൈകാന്‍ ഇവിടുത്തെ ഗതാഗതസ്തംഭനം വഴിയൊരുക്കിയെന്നാണ് റിപ്പോര്‍ട്ട്. ഡാര്‍ട്ട്ഫോര്‍ഡ് ക്രോസിംഗിലുണ്ടായ ട്രാഫിക്ക് സ്തംഭനം യൂറോസ്റ്റാര്‍ യാത്രക്കാരെ കടുത്ത ബുദ്ധിമുട്ടിലാഴ്ത്തിയിരുന്നു. ഏറ്റവുമധികം ഗതാഗത തടസ്സം നേരിട്ടത് പോര്‍ട്ട് ഓഫ് ഡോവറിലാണ്. ബാങ്ക് ഹോളിഡേ പ്രമാണിച്ച് 5500 കാറുകളും 350 കോച്ചുകളും ഫെറി ടെര്‍മിനിനലിലൂടെ കടന്ന് പോയതാണ് ഇതിന് കാരണമായിത്തീര്‍ന്നത്.

ഡോവറില്‍ നിന്ന് ഫെറികളില്‍ കയറി യൂറോപ്പിലേക്ക് ഹോളിഡേ പോകാനൊരുങ്ങിയ നിരവധി പേര്‍ക്ക് ഫെറി കിട്ടാതെ പോയ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫെറികളില്‍ കയറാനായി ആയിരക്കണക്കിന് പേര്‍ തിക്കിത്തിരക്കിയെത്തിയത് ഡോവറിലെ പോര്‍ട്ടിന് മേലും കടുത്ത സമ്മര്‍ദമാണ് ഇന്നലെയുണ്ടാക്കിയത്. ഇന്നലെ റോഡിലും ജലമാര്‍ഗത്തിലുമുണ്ടായ തടസങ്ങള്‍ക്ക് പുറമെ സാങ്കേതിക തടസങ്ങളാല്‍ 175 വിമാനങ്ങള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇവയ്ക്ക് പകരമായിറക്കിയ വിമാനങ്ങള്‍ക്കും ലഗേജുകള്‍ക്കും വേണ്ടി അസാധാരണമായ ക്യൂവായിരുന്നു ഇന്നലെ ഹീത്രോ വിമാനത്താവളത്തിലുണ്ടായിരുന്നത്.അമിതമായ തിരക്ക് കാരണം ഇന്നലെ രാജ്യത്ത് നിരവധി ട്രെയിനുകളും റദ്ദാക്കിയിരുന്നു. 2019ലെ ലേറ്റ് മേയ് ബാങ്ക് ഹോളിഡേക്ക് ശേഷം ഏറ്റവും തിരക്കേറിയ മേയ് ബാങ്ക് ഹോളിഡേയായിരുന്നു ഇന്നലെയുണ്ടായിരുന്നത്. കൊറോണക്കാലത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ഏറ്റവും ദുരിതമനുഭവിച്ച ദിവസമായിരുന്നു ഇന്നലെയെന്നും റിപ്പോര്‍ട്ടുണ്ട്.

 
Other News in this category

 
 




 
Close Window