Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
റൈറ്റ് ടു ലീവ് സ്റ്റാറ്റസിലുള്ളവരെ വിമാനത്താവളത്തില്‍ തടഞ്ഞ് വയ്ക്കുന്ന ഹോം ഓഫിസ് നടപടിക്കെതിരേ ഹൈക്കോടതി
reporter

ലണ്ടന്‍: യുകെയിലെ വിമാനത്താവളങ്ങളിലും സീപോര്‍ട്ടുകളിലുമെത്തുന്നവരെ എന്‍എച്ച്എസിലെ ബില്ലുകളടക്കാനുണ്ടെന്ന പേരില്‍ തടഞ്ഞ് വയ്ക്കുന്ന ഹോം ഓഫീസ് നടപടി നിയമവിരുദ്ധമെന്ന് വിധിച്ച് ഹൈക്കോടതി രംഗത്തെത്തി. യുകെയില്‍ ജീവിക്കാന്‍ അവകാശമുള്ള (റൈറ്റ് ടു ലിവ്)വരെ സ്വദേശത്ത് പോയി തിരികെ യുകെയിലേക്ക് വരുമ്പോള്‍ ഈ വിധത്തില്‍ തടഞ്ഞ് വയ്ക്കുന്നത് തികച്ചും നിയമത്തിനെതിരാണെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി തവണ തടഞ്ഞ് വയ്ക്കപ്പെട്ട രണ്ട് സ്ത്രീകളുടെ കേസുകളില്‍ നിയമയുദ്ധത്തിനിറങ്ങിയ ചാരിറ്റികളില്‍ നിന്നും ലോയര്‍മാരില്‍ നിന്നുമാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. യുകെയ്ക്ക് പുറത്ത് പോയി തങ്ങളുടെ കുടുംബത്തെ കണ്ട് വീണ്ടും യുകെയിലേക്ക് വരുമ്പോഴാണ് ഇവരെ യുകെയിലേക്ക് പ്രവേശിപ്പിക്കാതെ ഒന്നിലധികം പ്രാവശ്യം പോര്‍ട്ടുകളില്‍ തടഞ്ഞിരിക്കുന്നത്. മെറ്റേര്‍ണിറ്റി കെയര്‍ ഉപയോഗിച്ച വകയില്‍ ഇവര്‍ എന്‍എച്ച്എസിലേക്ക് ബില്ലുകളടക്കാനുണ്ടെന്ന പേരിലായിരുന്നു ഇവരെ തടഞ്ഞ് വച്ചിരുന്നത്.

ഇവരെ യുകെയില്‍ ലീവ് ടു റിമെയിനിന് അനുവദിക്കുമ്പോഴാണ് ഇവര്‍ എന്‍എച്ച്എസ് ബില്ലുകള്‍ അടക്കാനുണ്ടെന്ന വിവരം ഹോം ഓഫീസിന് ലഭിച്ചിരിക്കുന്നത്.കുട്ടികള്‍ക്കൊപ്പം ഈ സ്ത്രീകളെ കുറച്ച് കാലം മാത്രമേ തടഞ്ഞ് വയ്ക്കപ്പെട്ടിരുന്നുവെങ്കിലും ഇവരെ എപ്പോഴാണ് മോചിപ്പിക്കുകയെന്ന അനിശ്ചിതത്വം ഇവരെ നന്നായി ബാധിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഇവര്‍ എന്‍എച്ച്എസിലേക്ക് പണമടക്കാനുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ബോര്‍ഡര്‍ ഫോഴ്സ് ഒഫീഷ്യലുകള്‍ ഇവരെ തടഞ്ഞ് വച്ച് അന്വേഷണം നടത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി ജസ്റ്റിസ് ചേംബര്‍ലെയ്ന്‍ ആണ് ഹോം ഓഫീസിന്റെ ഈ നടപടിക്കെതിരെ വിധി പുറപ്പെടുവിച്ച് രംഗത്തെത്തിയിരിക്കുന്നത്.

യാതൊരു നീതീകരണവുമില്ലത്ത വിധത്തിലാണ് ഈ രണ്ട് സ്ത്രീകളെയും അവരുടെ ചെറിയ കുട്ടികളെയും ഹോം സെക്രട്ടറി തടവില്‍ വച്ചതെന്നാണ് ജസ്റ്റിസ് വിധിച്ചിരിക്കുന്നത്.മെറ്റേര്‍ണിറ്റി ബില്ലുകള്‍ അടച്ചില്ലെന്ന പേരില്‍ ഇവരെ തടഞ്ഞ് വച്ചതിലൂടെ ഈ വിഷയത്തില്‍ സ്ത്രീപുരുഷ സമത്വം നടപ്പിലാക്കുന്നതില്‍ ഹോം സെക്രട്ടറി സ്യുയല്ല ബ്രാവര്‍മാര്‍ പരാജയപ്പെട്ടുവെന്നും കോടതി വിമര്‍ശിച്ചിട്ടുണ്ട്. മാലിയില്‍ നിന്നും അല്‍ബേനിയയില്‍ നിന്നുമെത്തിയ സ്ത്രീകളെയാണ് ഇത്തരത്തില്‍ തടഞ്ഞ് വച്ചിരുന്നത്. കോടതി വിധി സൂക്ഷ്മമായി പഠിച്ച് അതിനനുസരിച്ച് ഇത് സംബന്ധിച്ച നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഈ സ്ത്രീകള്‍ക്ക് പുറമെ മറ്റ് നിരവധി പേര്‍ക്കും ഈ വിധത്തിലുള്ള ദുരനുഭവങ്ങള്‍ ഹോം ഓഫീസിന്റെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ കോടതി വിധി ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്നുറപ്പാണ്.

 
Other News in this category

 
 




 
Close Window