Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് കാറുകള്‍ക്കും സ്‌കോച്ച് വിസ്‌കിക്കും മുകളിലുള്ള താരിഫുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ തയാറായെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ബ്രിട്ടീഷ് കാറുകള്‍ക്കും സ്‌കോച്ച് വിസ്‌കിക്കും മുകളിലുള്ള താരിഫുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണീ നീക്കമെന്നാണ് സൂചന. ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് യുകെയില്‍ ചില വിസ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിക്കാനും വ്യാപാരക്കരാറുകളുടെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കും സാധ്യമായ ഏറ്റവും മികച്ചൊരു ഡീലിനായി യുകെയും ഇന്ത്യയും ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ബിസിനസ് ആന്‍ഡ് ട്രേഡ് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഏറെ പുരോഗതികളുണ്ടായിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കുന്നു. നീതിപൂര്‍വകമായതും സമതുലിതമായതും ആത്യന്തികമായി ബ്രിട്ടീഷ് ജനതക്കും രാജ്യത്തെ സമ്പദ് വ്യവസ്ഥക്കും ഗുണകരമായതുമായ ഡീല്‍ ലഭിച്ചാല്‍ മാത്രമേ യുകെ കരാറിലൊപ്പിടുകയുള്ളുവെന്നും വക്താവ് സ്ഥിരീകരിക്കുന്നു. 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങള്‍ക്കുമിടക്കുള്ള വ്യാപാരം ഇരട്ടിയാക്കുന്നതിന് ലക്ഷ്യമിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കിണഞ്ഞ് പരിശ്രമിക്കുന്നത്.

താരിഫുകള്‍ വെട്ടിക്കുറച്ച് കൊണ്ടുളളതും മാര്‍ക്കറ്റ് ആക്സസ് വര്‍ധിപ്പിക്കുന്നതുമായ ഒരു കരാറിലൂടെയാണ് ഇത്തരത്തില്‍ വ്യാപാരം വര്‍ധിപ്പിക്കുന്നതിന് അവര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും വിസ്‌കിക്കും മുകളിലുള്ള നികുതികള്‍ കുറയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ യുകെ അംഗീകരിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഇരു രാജ്യങ്ങളും ഒരു വ്യാപാരക്കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വംശജനായ സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും അത് വഴി മികച്ച വ്യാപാരക്കരാറുണ്ടാവുമെന്ന പ്രതീക്ഷ നേരത്തെ ശക്തമായിരുന്നു. എന്നാല്‍ കുടിയേറ്റം വെട്ടിച്ചുരുക്കുകയെന്നത് തന്റെ പ്രധാനപ്പെട്ട മുന്‍ഗണനകളിലൊന്നാണെന്ന് അധികാരമേറ്റ് അധികം കഴിയുന്നതിന് മുമ്പ് തന്നെ സുനക് വ്യക്തമാക്കിയത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. പക്ഷേ പ്രധാനമന്ത്രി മോഡിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന സുനകിലൂടെ മികച്ചൊരു വ്യാപാരക്കരാര്‍ നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന പ്രതീക്ഷ തീര്‍ത്തും ഇല്ലാതായിട്ടില്ല.

 
Other News in this category

 
 




 
Close Window