Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
യുകെയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മകള്‍ക്ക് പൂട്ടുവീഴുന്നു, ഇന്ത്യന്‍ ക്ലബ് ഓര്‍മകളിലേക്ക്
reporter

ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കേന്ദ്രങ്ങളില്‍ ഒന്നായ ലണ്ടനിലെ ഇന്ത്യ ക്ലബ് ഇനി ഓര്‍മ്മകളിലേക്ക്. അടച്ചുപൂട്ടലിനെതിരായ നീണ്ട പോരാട്ടം പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്ഥാപനത്തിന് അടുത്ത മാസം പൂട്ട് വീഴുന്നത്. ചരിത്രപരമായ കൂടികാഴ്ച്ചകള്‍ക്ക് വേദിയായ ക്ലബിനെ കൂടുതല്‍ ആധുനികവത്കരിച്ച് ഹോട്ടലായി മാറ്റുന്നതിനാണ് ഭൂവുടമകള്‍ നോട്ടീസ് നല്‍കിയത്. ഭൂവുടമകളുടെ പുതിയ തീരുമാനത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടനിലെ സ്ട്രാന്‍ഡിന്റെ ഹൃദയഭാഗത്തുള്ള കെട്ടിടം പൊളിക്കുന്നതില്‍ നിന്ന് തടയാനുള്ള പോരാട്ടത്തില്‍ വിജയിച്ച ക്ലബിന് പൂട്ട് വീഴുമെന്ന് ഉറപ്പായി. നിലവില്‍ ഇന്ത്യ ക്ലബ് ഉടമസ്ഥരായ യാദ്ഗര്‍ മാര്‍ക്കറും മകള്‍ ഫിറോസയും 'സേവ് ഇന്ത്യ ക്ലബ്' ക്യാംപെയ്‌നിലൂടെ ക്ലബ് നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ''പൊതുജനങ്ങള്‍ക്കായി ക്ലബ് തുറന്നിരിക്കുന്ന അവസാന ദിവസം സെപ്റ്റംബര്‍ 17 നാണ്. ഇന്ത്യ ക്ലബ് അടച്ചുപൂട്ടുന്നതായി ഞങ്ങള്‍ വളരെ കഠിനമായ വേദനയോടെ പ്രഖ്യാപിക്കുന്നു'' - ഇന്ത്യ ക്ലബ് ഉടമസ്ഥര്‍ പറഞ്ഞു.

ബ്രിട്ടനിലെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പ്രചാരണം നടത്തിയ ഇന്ത്യ ലീഗില്‍ ഇന്ത്യ ക്ലബിന് വേരുകള്‍ ഉണ്ട്. യുകെയിലെ ആദ്യത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ കൃഷ്ണ മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാപക അംഗങ്ങളാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം അതിവേഗം വളരുന്ന ബ്രിട്ടീഷ് സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റിയുടെ ഒരു കേന്ദ്രമായി ക്ലബ് പെട്ടെന്ന് രൂപാന്തരപ്പെട്ടിരുന്നു. യുവ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഭക്ഷണം കഴിക്കാനും രാഷ്ട്രീയം ചര്‍ച്ച ചെയ്യാനും അവരുടെ ഭാവി ആസൂത്രണം ചെയ്യാനും കഴിയുന്ന ഇടമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ക്ലബ്ബ് എന്ന സ്ഥാപനം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചത്. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപനത്തില്‍ ദുഖം രേഖപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനായ പിതാവ് ചന്ദ്രന്‍ തരൂരിന്റെ ക്ലബുമായുള്ള ബന്ധം വ്യക്തമാക്കി കൊണ്ടായിരുന്നു തരൂര്‍ സമൂഹമാധ്യമത്തില്‍ ചരിത്രപരമായ വേദി അടച്ചുപൂട്ടുന്നതില്‍ നിരാശ രേഖപ്പെടുത്തിയത്. ലണ്ടനിലെ ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തിന്റെ നിര്‍ണ്ണായകമായ ഭാഗമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്ന് നിരവധി പേര്‍ സമൂഹ മാധ്യമത്തില്‍ അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window