Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ഡിസ്പോസിബിള്‍ വേപ്സുകള്‍ക്ക് അടുത്ത ആഴ്ച മുതല്‍ പൂര്‍ണ നിരോധനം വന്നേക്കും
REPORTER

ലണ്ടന്‍: യുകെയില്‍ ഡിസ്പോസിബിള്‍ വേപ്സുകള്‍ക്ക് അടുത്ത ആഴ്ച മുതല്‍ പൂര്‍ണമായ നിരോധനം പ്രഖ്യാപിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചെറിയ കുട്ടികളെയും യുവജനങ്ങളെയും നിക്കോട്ടിന്‍ അടിമകളാക്കുന്ന ഇത്തരം വേപ്സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ യുകെയിലെ ഹോം രാജ്യങ്ങളിലെ ഹെല്‍ത്ത് മിനിസ്റ്റര്‍മാരും ഒരുങ്ങുന്നുവെന്നാണ് സൂചന. സിംഗിള്‍ യൂസ് വേപ്സുകള്‍ കുട്ടികളെ ആകര്‍ഷിക്കാനും നിക്കോട്ടിന്‍ അടിമകളാക്കാനും വേണ്ടി ആകര്‍ഷകമായ കളറുകളിലും മധുരമുള്ള ഫ്ലേവറുകളിലുമെത്തുന്നതേറുന്നുവെന്നും അതിനാല്‍ അവയെ എത്രയും വേഗം നിരോധിക്കണമെന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍മാര്‍ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ചെറിയ കുട്ടികളെ ലഹരിക്ക് അടിമപ്പെടുത്തുന്നതിന് പുറമെ ഡിസ്പോസിബിള്‍ വേപ്സുകള്‍ വലിച്ചെറിയപ്പെടുന്നത് വന്‍ പരിസ്ഥിതി പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നും അതിനാല്‍ അവയെ നിരോധിക്കുകയുമാണെന്നാണ് ഒരു മുതിര്‍ന്ന വൈറ്റ് ഹാള്‍ ഇന്‍സൈഡര്‍ ടെലിഗ്രാഫിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഇനിയും വൈകിക്കൂടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 11 വയസ്സിനും 17 വയസിനും ഇടയില്‍ പ്രായമുളള 11.6 ശതമാനം പേരും വേപിംഗ് നടത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കുട്ടികള്‍ക്ക് വേപ്സുകള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ വാരത്തില്‍ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഇവയ്ക്ക് പ്ലെയിന്‍ പാക്കേജിംഗ്, ഫ്ലേവറുകള്‍ നിരോധിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തണമെന്നും ലേബര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു പടി കടന്നുള്ള പൂര്‍ണ നിരോധനമാണ് ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ജനകീയമായ വേപ്സ് ബ്രാന്‍ഡുകള്‍ക്ക് പോലും നിരോധനം ബാധകമായിരിക്കും. വളരെ ചെറിയ കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ വേപ്സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതില്‍ മേയ് മാസത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി സുനക് രംഗത്തെത്തിയിരുന്നു. ചെറിയ കുട്ടികളെ വേപ്സുകള്‍ വല്ലാതെ ആകര്‍ഷിക്കുന്നതിലും അടിമകളാക്കുന്നതിലും രണ്ട് ചെറിയ പെണ്‍കുട്ടികളുടെ പിതാവെന്ന നിലയിലും താനേറെ ആശങ്കപ്പെടുന്നുവെന്നാണ് സുനക് പ്രതികരിച്ചിരിക്കുന്നത്.തന്റെ കുട്ടികള്‍ ഇത്തരം ലഹരിക്ക് അടിമപ്പെടുന്നതിന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ കടുത്ത നടപടി വേപ്സുകള്‍ക്കെതിരെ ഉണ്ടാകുമെന്നും സുനക് സൂചനയേകിയിട്ടുണ്ട്. വേപ്സുകള്‍ നിരോധിക്കുന്നതിനുളള നിര്‍ദേശങ്ങളുടെ മേലുളള കണ്‍സള്‍ട്ടേഷന്‍ അടുത്ത ആഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ കണ്‍സള്‍ട്ടേഷന്‍ ഇംഗ്ലണ്ടില്‍ മാത്രമായിരിക്കും. പുകവലി ശീലം രാജ്യത്ത് വര്‍ധിക്കുകയും കാന്‍സര്‍ -ശ്വാസകോശ രോഗികളേറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ കടുത്ത നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

 
Other News in this category

 
 




 
Close Window