ലണ്ടന്‍: ലേബര്‍ പ്രകടനപത്രികയെല്ലാം മറികടന്ന്, പുതിയ ബജറ്റില്‍ പെന്‍ഷന്‍കാരെയും സാമ്പത്തികമായി പിഴിയാനുള്ള നീക്കങ്ങളുമായി ചാന്‍സലര്‍ റേച്ചല്‍ റീവ്സ് രംഗത്തിറങ്ങുന്നു. നവംബര്‍ 26ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പെന്‍ഷന്‍ പോട്ടുകളില്‍ നിന്നും പണം പിടിക്കാനുള്ള പദ്ധതിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജോലിക്കാര്‍ അവരുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷന്‍ സ്‌കീമുകളിലേക്ക് മാറ്റുന്ന രീതിയിലാണ് റീവ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോലിക്കാര്‍ക്കും എംപ്ലോയേഴ്സിനും നല്‍കുന്ന നികുതിരഹിത പരിധി ഉയര്‍ത്തുന്നതിലൂടെ 2 ബില്ല്യണ്‍ പൗണ്ട് വരെ ഖജനാവിലേക്ക് എത്തിക്കാനാണ് ലക്ഷ്യം.
പെന്‍ഷന്‍ സേവിംഗ്സ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വേട്ടയാടുന്ന ഈ നീക്കം ലേബര്‍ എംപിമാരില്‍ നിന്നും ഉള്‍പ്പെടെ ശക്തമായ വിമര്‍ശനത്തിന് ഇടയാക്കും. ഇന്‍കം ടാക്സ് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയും വ്യക്തമായതോടെ പാര്‍ട്ടി എംപിമാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്.
50,270 പൗണ്ടില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 2 പെന്‍സ് നാഷണല്‍ ഇന്‍ഷുറന്‍സ് ഇളവ് നല്‍കാനാണ് ചാന്‍സലര്‍ തയ്യാറാകുന്നത്. എന്നാല്‍ ഈ ആശ്വാസം പെന്‍ഷന്‍കാര്‍ക്ക് ലഭിക്കില്ല. ജോലിക്കാര്‍ക്ക് സമാനമായി ഇവര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കുന്നില്ലാത്തതിനാല്‍ ഇളവിന് അര്‍ഹതയില്ല.
ഉയര്‍ന്ന വരുമാനക്കാര്‍ക്കും ഈ നീക്കം തിരിച്ചടിയാകും. 50,270 പൗണ്ടിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കട്ടിംഗ് ലഭിക്കില്ല. ഇതുവഴി 6 ബില്ല്യണ്‍ പൗണ്ട് വരെ സര്‍ക്കാരിന് ലഭിക്കുമെന്നതാണ് റീവ്സിന്റെ പദ്ധതി. പൊതുഖജനാവില്‍ കുറവുള്ള വരുമാനം കണ്ടെത്താനുള്ള ശ്രമമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.