|
രക്തസാക്ഷി മണ്ഡപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമൊപ്പം നടത്തിയ സത്യാഗ്രഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ച ചായക്കപ്പ് ശ്രദ്ധനേടി. 'ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്' എന്ന വാചകം ആലേഖനം ചെയ്ത കപ്പിലാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായി ആദ്യം പീഡന പരാതി നല്‍കിയ യുവതി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ച വരികളിലേതാണ് ഈ വാചകം. മുഖ്യമന്ത്രിയുടെ കപ്പില്‍ ഈ വാചകങ്ങള്‍ ഇടംപിടിച്ചത് അതിജീവിതയോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായമുയരുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് അതിജീവിതയുടെ വാക്കുകള്‍.
അതേസമയം, സത്യഗ്രഹ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ നടത്തിയത്. കേരളത്തോട് പകപോക്കുന്ന രീതിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ പെരുമാറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് സത്യഗ്രഹ സമരം നടന്നത്. മന്ത്രിമാരും ജനപ്രതിനിധികളും എല്‍ഡിഎഫ് നേതാക്കളും സമരത്തില്‍ പങ്കെടുത്തു. |