|
പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിച്ച തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നായിരുന്നു. ഈ സമയം തന്നെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞതോടെ വിശ്വാസികള്‍ ദര്‍ശനപുണ്യം നേടി.
മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് ആയിരക്കണക്കിന് ആളുകള്‍ ആണ് പറണശാലകള്‍ കെട്ടി കാത്തിരുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരുന്നു ഓരോ പറണശാലകളിലും. കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനതിന് എത്തിയവരുടക്കം സന്നിധാനത്ത് മകരജ്യോതി തെളിയുന്നത് കാണാനായി കാത്തുനിന്നിരുന്നു.
തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ പി ഡി സന്തോഷ് കുമാര്‍, കെ രാജു തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങി. |