|
ബൗണ്‍സര്‍ എന്നെഴുതിയ ടീ ഷര്‍ട്ടും അനുചിത വേഷവിധാനങ്ങളുമുള്ള സുരക്ഷാ ജീവനക്കാരെ ക്ഷേത്രത്തില്‍ സുരക്ഷയ്ക്കായി നിയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടു. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന്റെ വലിയ വിളക്ക് എഴുന്നള്ളിപ്പ് സമയത്ത് തിരക്ക് നിയന്ത്രിക്കാന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ബൗണ്‍സര്‍മാരെ ഏര്‍പ്പാടാക്കിയതിന് എതിരെയുള്ള ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ഉത്തരവ്.
കറുത്ത ബനിയനും പാന്റും ഒപ്പം കാവി ഷാളും ഇട്ടായിരുന്നു ബൗണ്‍സര്‍മാര്‍ തിരക്ക് നിയന്ത്രിച്ചത്. ഇതിനെതിരെ മരട് സ്വദേശിയായ എന്‍ പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്ഷേത്രങ്ങളിലെ സുരക്ഷയും തിരക്കുനിയന്ത്രണവും പോലീസിന്റെയും ദേവസ്വം ഗാര്‍ഡുമാരുടെയും ഉത്തരവാദിത്തമാണെന്നും ബൗണ്‍സര്‍മാരെ നിയോഗിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
തിരക്ക് നിയന്ത്രിക്കാനെത്തിയവരുടെ ടീ ഷര്‍ട്ടിനു പിന്നില്‍ 'ബൗണ്‍സര്‍' എന്നെഴുതിയിരുന്നത് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി പരിശോധിക്കുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ബൗണ്‍സര്‍മാരെ നിയോഗിക്കാനിടയായ സാഹചര്യം ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. |