ലണ്ടന്‍: അമ്മമാര്‍ക്കും നവജാതശിശുക്കള്‍ക്കും സുരക്ഷിതമായ പരിചരണം ഉറപ്പാക്കാന്‍ ഇംഗ്ലണ്ടിലെ ഇരുപതോളം മറ്റേണിറ്റി യൂണിറ്റുകള്‍ അടയ്ക്കുകയോ പ്രവര്‍ത്തനരീതി മാറ്റുകയോ ചെയ്യണമെന്ന് നിര്‍ദേശം. പ്രസവചികിത്സാ വിദഗ്ധരുടെ ക്ഷാമവും സിസേറിയന് നിരക്ക് ഉയരുന്നതും പരിഗണിക്കുമ്പോള്‍ സേവനങ്ങളുടെ പുനഃസംഘടന അനിവാര്യമാണെന്ന് എന്‍എച്ച്എസ് അലയന്‍സ് അക്യൂട്ട് കെയര്‍ ഡയറക്ടര്‍ മാത്യൂ ഹോപ്കിന്‍സ് അഭിപ്രായപ്പെട്ടു. പ്രസവസേവനങ്ങള്‍ നല്കുന്ന ആശുപത്രികളുടെ എണ്ണം കുറയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാനാകില്ലെന്നാണ് ഹോപ്കിന്സിന്റെ വിലയിരുത്തല്‍. ഇംഗ്ലണ്ടിലെ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റെട്രീഷ്യന്മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 155 എന്‍എച്ച്എസ് യൂണിറ്റുകളില്‍ ഇരുപതോളം എണ്ണം അടയ്ക്കുകയോ അവയുടെ സേവനരീതി മാറ്റുകയോ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.
വര്‍ഷത്തില്‍ 1,500 മുതല്‍ 2,000 വരെ പ്രസവങ്ങള്‍ നടക്കുന്ന ചെറിയ യൂണിറ്റുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് ബുദ്ധിമുട്ടാകുകയാണ്. ആവശ്യത്തിന് പ്രസവചികിത്സാ വിദഗ്ധരെ ലഭിക്കാത്തതാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പ്രാദേശിക യൂണിറ്റുകള്‍ അടയ്ക്കുന്നത് ഗര്‍ഭിണികള്‍ക്ക് പ്രസവപരിചരണത്തിനായി കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാക്കും. സേവനങ്ങള്‍ ചുരുക്കുന്നതിനെതിരായ പ്രധാന ആശങ്കയും ഇതാണ്. മാറ്റങ്ങള്‍ രാഷ്ട്രീയ എതിര്‍പ്പുകള്‍ക്ക് വഴിവെക്കുമെന്ന് സമ്മതിച്ച ഹോപ്കിന്‍സ്, തീരുമാനമെടുക്കാന്‍ മന്ത്രിമാരും എംപിമാരും ധൈര്യം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. യൂണിറ്റുകള്‍ അടയ്ക്കുകയോ പ്രവര്‍ത്തനരീതി മാറ്റുകയോ ചെയ്യണമെന്ന നിര്‍ദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്.