|
യുകെയില്‍ ഉപരിപഠനത്തിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന കോട്ടയം സ്വദേശിനി കൃപ മെറിന്‍ കുര്യ(24)ന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും കുടുംബാംഗങ്ങളെയും കണ്ണീരിലാഴ്ത്തി. പാമ്പാടി പതിമൂന്നാം മൈലില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൃപ മെറിന്‍ കുര്യനും സുഹൃത്ത് ആഷ്ലി ആന്‍ തോമസും കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. പാമ്പാടി പൊത്തന്‍പുറം സ്വദേശി ഫാ. കുര്യാക്കോസ് കടവുംഭാഗത്തിന്റെ മകളാണ് കൃപ മെറിന്‍. മീനടം വട്ടക്കാവുങ്കല്‍ തോമസിന്റെ മകളാണ് ആഷ്ലി ആന്‍ തോമസ് (25).
ബുധനാഴ്ച രാവിലെ ഒന്‍പതോടെ ദേശീയപാത 183ലെ കെ.കെ. റോഡില്‍ പതിമൂന്നാം മൈലിലായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് സ്‌കൂട്ടര്‍ തെന്നിവീഴുകയായിരുന്നു. മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ബസിനടിയില്‍പ്പെട്ട ഇരുവരും തല്‍ക്ഷണം മരിക്കുകയായിരുന്നു. അവധിക്കായി ഓസ്‌ട്രേലിയയില്‍നിന്ന് വീട്ടുകാര്‍ക്കായി സര്‍പ്രൈസായി സഹോദരനൊപ്പം നാട്ടിലെത്തിയ കൃപ, പ്രിയസുഹൃത്തായ ആഷ്‌ലിയെയും കൂട്ടി യാത്ര ചെയ്യവെയാണ്ദുരന്തം സംഭവിച്ചത്. പാമ്പാടി ഭാഗത്തുനിന്ന് സുഹൃത്തായ ആഷ്ലിയുടെ സ്‌കൂട്ടറില്‍ കാനത്തുള്ള കൂട്ടുകാരിയെ കാണാന്‍ പോകുന്നതിനിടയിലാണ് അപകടം.
ഓസ്ട്രേലിയയില്‍ എം.എ. സൈക്കോളജിയില്‍ പഠനം പൂര്‍ത്തിയാക്കിയ കൃപ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് യുകെയില്‍ ഉപരിപഠനം നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു. പുതിയൊരു ജീവിതത്തിനും പഠനത്തിനുമായി വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ആഷ്ലിയും ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇരുവരുടെയും ഭാവിസ്വപ്നങ്ങള്‍ പൂവണിയാനിരിക്കെ സംഭവിച്ച ദുരന്തം ഉറ്റവര്‍ക്കു വലിയ ആഘാതമായി. നവംബര്‍ 22-ന് കൃപയുടെ 25-ാം ജന്മദിനമാണ്. എന്നാല്‍, പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ കൃപ മടങ്ങി.
കൃപയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ ഏഴിന് വീട്ടിലെത്തിക്കും. അമ്മ: അനിത കുര്യന്‍, മണര്‍കാട് തൊട്ടിയില്‍ കുടുംബാംഗം. സഹോദരന്‍: കിരണ്‍ ജേക്കബ് കുര്യന്‍ (ഓസ്‌ട്രേലിയ). സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് കടവുംഭാഗം സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍. ആഷ്ലി ആന്‍ തോമസിന്റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വീട്ടിലെത്തിക്കും. അമ്മ: മേരി തോമസ്. സഹോദരന്‍: ആല്‍വിന്‍ വി. തോമസ്. സംസ്‌കാരം വെള്ളിയാഴ്ച 10.30-ന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം മീനടം സെന്റ് ജോര്‍ജ് (ഉണക്കപ്ലാവ്) ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. |