ലണ്ടന്‍: കുട്ടികള്‍ക്കെതിരെയും യുവതികള്‌ക്കെതിരെയും ലൈംഗികാതിക്രമം നടത്തിയ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ക്ക് യുകെ കോടതി കഠിനതടവുശിക്ഷ വിധിച്ചു. വ്രിജ് പട്ടേല്‍ (26) എന്നയാള്‍ക്ക് 22 വര്‍ഷവും സഹോദരന്‍ കിഷന്‍ പട്ടേലിന് 15 മാസവുമാണ് ശിക്ഷ വിധിച്ചത്.
2018ല്‍ നടന്ന സംഭവങ്ങളാണ് കേസിനാസ്പദമായത്. നിരവധി കുട്ടികളെ ബലാത്സംഗം ചെയ്തതിന്റെ തെളിവുകള്‍ വ്രിജ് പട്ടേലിനെതിരായ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്കു പുറമേ യുവതികളെയും ഇയാള്‍ ലൈംഗികാതിക്രമത്തിന് വിധേയരാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഇയാളില്‍ നിന്നു പിടിച്ചെടുത്തതായി അന്വേഷണ സംഘം അറിയിച്ചു.
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കൈവശംവെച്ചതിനാണ് സഹോദരന്‍ കിഷന്‍ പട്ടേലിന് ശിക്ഷ ലഭിച്ചത്. ഇയാള്‍ സൂക്ഷിച്ചിരുന്ന ഉപകരണം കേടായതിനെ തുടര്‍ന്ന് നന്നാക്കാനായി കടയില്‍ നല്‍കിയപ്പോള്‍ ദൃശ്യങ്ങള്‍ കടക്കാരുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ദൃശ്യങ്ങളിലുള്ളത് വ്രിജ് പട്ടേലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുറത്ത് വന്നത്.
കേസില്‍ വ്രിജ് പട്ടേലിനെതിരെ നിരവധി കുറ്റങ്ങള്‍ തെളിയിച്ചതോടെ കോടതി കഠിനതടവാണ് വിധിച്ചത്. കുട്ടികളുടെ സുരക്ഷയെ ഗുരുതരമായി ലംഘിച്ച സംഭവത്തില്‍ ശക്തമായ നിയമനടപടികളാണ് യുകെ സ്വീകരിച്ചത്.