|
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കിഫ്ബി വഴി അഭൂതപൂര്‍വ്വമായ വികസന മുന്നേറ്റത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടെ 90,562 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നത് ഈ വികസനക്കുതിപ്പിന്റെ ബാഹുല്യം വെളിപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓരോ വര്‍ഷമെടുത്താല്‍ 9603 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളെന്നാണ് കണക്ക്. അപ്രകാരം ഓരോ ദിവസവും 26 കോടി രൂപയുടെ വികസന പ്രവര്‍ത്തങ്ങള്‍ നടക്കുന്നുവെന്ന് ചുരുക്കം. പശ്ചാത്തല സൗകര്യ മേഖലയിലും നൂതന സംവിധാനങ്ങളുടെ കാര്യത്തിലും സ്വപ്നസദൃശമായ മാറ്റങ്ങള്‍. കേരളത്തിന്റെ വളര്‍ച്ച അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയാണ്. ഈ നേട്ടങ്ങളെ ഊര്‍ജ്ജമാക്കി കൂടുതല്‍ ഉയരങ്ങളിലേക്ക് നമ്മുടെ നാടിനെ ഉയര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. |