|
രണ്ട് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ബുഗ്രയും ഭാര്യ എസ്ജിയും വിവാഹം മോചിതരായി. വിവാഹമോചനത്തിന് പിന്നാലെ പൂച്ചയെ നോക്കാന്‍ മുന്‍ ഭാര്യക്ക് 10,000 തുര്‍ക്കിഷ് ലിറ(ഏകദേശം 21,064 രൂപ) നല്‍കണമെന്ന് യുവാവിന് തുര്‍ക്കിഷ് കോടതിയുടെ ഉത്തരവ്. തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സിയായ യെനിസാഫാക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇസ്താംബൂളിലായിരിക്കുമ്പോള്‍ ഇരുവരും ചേര്‍ന്ന് വാങ്ങിയ രണ്ട് പൂച്ചകളുടെ പരിചരണത്തിനായി പണം നല്‍കണമെന്ന് കോടതി യുവാവിനോട് ആവശ്യപ്പെട്ടു. ബുഗ്രയുമായുള്ള വിവാഹമോചന ഒത്തുതീര്‍പ്പിന്റെ ഭാഗമായി രണ്ട് വളര്‍ത്തുമൃഗങ്ങളുടെയും സംരക്ഷണം എസ്ജിക്ക് ലഭിച്ചു. തുടര്‍ന്ന് പൂച്ചകളുടെ സംരക്ഷണത്തിനായി സാമ്പത്തിക സഹായം നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിക്കുകയായിരുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും പണം നല്‍കാമെന്ന് ഉറപ്പു നല്‍കി.
പൂച്ചകളുടെ ഭക്ഷണം, പ്രതിരോധ കുത്തിവയ്പ്പുകള്‍, മറ്റ് ചികിത്സാ ആവശ്യങ്ങള്‍, പരിചരണ സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഈ പണം ചെലവഴിക്കാം. ഈ തുക പണപ്പെരുപ്പത്തിന് അനുസരിച്ച് ക്രമീകരിക്കുമെന്നും രണ്ട് പൂച്ചകളുടെയും മരണത്തോടെ ഇത് നിര്‍ത്തലാക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. |