രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയുണ്ടായ കല്ലേറില്‍ ഇതിലൊന്നും പെടാത്ത യാത്രക്കാരനായ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ബാന്ദ്ര സ്റ്റേഷനില്‍ വെച്ച് നടന്ന ഈ ദാരുണമായ സംഭവത്തില്‍ 28 -കാരനായ നിഷാന്ത് ഖത്രിക്കാണ് പരിക്കേറ്റത്. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് വെറും രണ്ടാം ദിവസമാണ് നിഷാന്തിന്റെ ജീവിതം തകര്‍ത്ത ഈ സംഭവം നടന്നത്. പ്രതിയായ യോഗേന്ദ്ര ബൗദ് എന്നയാള്‍ മറ്റൊരു യാത്രക്കാരനുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ട്രാക്കില്‍ നിന്നും കല്ലെടുത്ത് എറിയുകയായിരുന്നു. ഈ കല്ല് നിഷാന്തിന്റെ ഇടത് കണ്ണില്‍ ശക്തിയായി പതിച്ചു. കണ്ണ് തകര്‍ന്ന് രക്തം വാര്‍ന്നിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് നിഷാന്ത് പറയുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ എത്തിയെങ്കിലും അവിടെയും 45 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു.
തുടര്‍ന്ന് നിഷാന്തിനെ ബാന്ദ്രയിലെ ഭാഭ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെയും ദുരനുഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആശുപത്രിയില്‍ റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (RMO) ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന ഒരു വാര്‍ഡ് ബോയ് ആണ് മുറിവ് വെച്ചുകെട്ടുകയും ഇന്‍ജക്ഷന്‍ നല്‍കുകയും ചെയ്തത്. ഒടുവില്‍ ഹിന്ദുജ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പരിക്കിന്റെ ഗൗരവം വ്യക്തമായത്. നിഷാന്തിന്റെ കണ്ണിന് താഴെ 4 ഇഞ്ച് ആഴത്തിലും 4 സെന്റിമീറ്റര്‍ നീളത്തിലുമുള്ള മാരകമായ മുറിവേറ്റിരുന്നു. ഇവിടുത്തെ പരിശോധനയ്ക്ക് ശേഷമാണ് ഇടത് കണ്ണിന്റെ കാഴ്ച ഇനി തിരികെ ലഭിക്കില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയായ യോഗേന്ദ്ര ബൗദിനെ ബാന്ദ്ര റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അക്രമത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.