|
പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് സൂപ്പര്‍സ്റ്റാര്‍ വെളിപ്പെടുത്തുന്നത്. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണു പടയപ്പ.
''പടയപ്പ 2 എന്ത്‌കൊണ്ട് ആലോചിച്ചുകൂടാ എന്നൊരു ചിന്ത എപ്പോഴും മനസ്സിലുണ്ടായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച വില്ലത്തി കഥാപാത്രം നീലാംബരി രജനികാന്തിന്റെ പടയപ്പയോട് പറയുന്നുണ്ട്. 'അടുത്ത ജന്മത്തിലെങ്കിലും നിന്നോട് പ്രതികാരം ചെയ്യും' എന്ന്.
ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ രമ്യ കൃഷ്ണന്റെ കഥാപാത്രം പൊന്നിയിന്‍ സെല്‍വന്‍ എന്ന ചരിത്ര നോവലിലെ നന്ദിനി എന്ന കഥാപാത്രത്തിന്റെ സ്വാധീനത്തില്‍ ഉണ്ടായതാണ് എന്നും അതിന് പലരും പറയുന്നതുപോലെ ജയലളിതയുമായി ബന്ധമില്ല എന്നും രജനികാന്ത് പറയുന്നു. ആദ്യം ഐശ്വര്യ റായിയെ നായികയാക്കാന്‍ ശ്രമിച്ചു എങ്കിലും അവര്‍ക്ക് അതില്‍ താല്പര്യം തോന്നിയില്ല എന്നും അത് പിന്നീട് രമ്യ കൃഷ്ണന്‍ ചെയ്തു എന്നും രജനി കൂട്ടി ചേര്‍ത്തു.
''രണ്ടാം ഭാഗത്തിന്റെ പേര് 'നീലാംബരി' എന്നായിരിക്കും, അതിന്റെ ചര്‍ച്ചകള്‍ നിലവില്‍ തകൃതിയായി നടക്കുകയാണ്. കഥ വളരെ നന്നായി വന്നാല്‍ ചിത്രം ചെയ്യും. 'നീലാംബരി' എന്ന ചിത്രം പടയപ്പ ആരാധകര്‍ ഒരു ഉത്സവം ആക്കി മാറ്റുമെന്ന് എനിക്ക് ഉറപ്പാണ്''. പടയപ്പ റീറിലീസുമായി അനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക വിഡിയോയില്‍ രജനി പറയുന്നു. |