ലണ്ടന്‍ ഹൈഡ് പാര്‍ക്കിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടല്‍ ലെന്‍സ്ബറോയില്‍ താമസിക്കുന്ന ഒരു പൂച്ചയാണ് ഇപ്പോള്‍ ലോകമെമ്പാടും ശ്രദ്ധ നേടുന്നത്. 'ദി ലേഡി ഓഫ് ദി ലെന്‍സ്ബറോ' എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന ഈ പൂച്ചയുടെ പേര് ലിലിബെറ്റ്.
- സൈബീരിയന്‍ ഇനത്തില്‍പെട്ട ലിലിബെറ്റ്, ഇംഗ്ലണ്ടില്‍ കുഞ്ഞായിരിക്കെ ഹോട്ടലുടമകള്‍ സ്വന്തമാക്കിയതാണ്.
- രാജ്ഞി എലിസബത്തിന്റെ കുട്ടിക്കാലത്തെ വിളിപ്പേരായ 'ലിലിബെറ്റ്' തന്നെയാണ് പൂച്ചയ്ക്കും നല്‍കിയ പേര്.
- ബക്കിങ്ഹാം കൊട്ടാരത്തിനടുത്തുള്ള ഹോട്ടലില്‍, രാജകുമാരിയെ പോലെ ആഡംബര ജീവിതമാണ് അവള്‍ നയിക്കുന്നത്.
- ലോകത്തിലെ ഏറ്റവും വില കൂടിയ ഭക്ഷണങ്ങളിലൊന്നായ കാവിയാര്‍ ആണ് അവളുടെ ഭക്ഷണം.
- കഴുത്തില്‍ സ്വര്‍ണ ചെയിന്‍ ധരിച്ചിരിക്കുന്ന അവളെ പരിചരിക്കാന്‍ പ്രത്യേക സംഘവും ഹോട്ടലില്‍ സജ്ജമാണ്.
ഹോട്ടലിലെ ഏത് ഭാഗത്തും സന്ദര്‍ശകരോടൊപ്പം സഞ്ചരിക്കാവുന്ന ലിലിബെറ്റിന്, ഭക്ഷണശാലയില്‍ പ്രവേശനം മാത്രമാണ് വിലക്കിയിരിക്കുന്നത്. ചില അതിഥികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവിടെ പ്രവേശിപ്പിക്കാറില്ല.
ലിലിബെറ്റിനെ കാണാനായി മാത്രം ഹോട്ടലില്‍ എത്തുന്നവരും അനവധിയാണ്. അവളോടൊപ്പം ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നവരുടെ പോസ്റ്റുകള്‍ നിരന്തരം വൈറലാകാറുണ്ട്.
ഒരു പൂച്ചയായിട്ടും രാജകുമാരിയുടെ ജീവിതം നയിക്കുന്ന ലിലിബെറ്റ്, ലണ്ടന്‍ നഗരത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ 'സെലിബ്രിറ്റി'യായി മാറിയിരിക്കുകയാണ്