|
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. പരാതിക്ക് പിന്നില്‍ സമ്മര്‍ദമുണ്ടെന്ന വാദം തള്ളാനാകില്ലെന്നും പരാതി നല്‍കുന്നതില്‍ വൈകയതിനെക്കുറിച്ചുള്ള വാദങ്ങള്‍ വ്യത്യസ്തമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗത്തിന് തെളിവില്ലെന്നും പരാതിയിലും പിന്നീട് യുവതി നല്‍കിയ മൊഴിയിലും വൈരുധ്യങ്ങളുണ്ടെന്നും കോടതി ഉത്തരവിലുണ്ട്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറയുടേതാണ് ഉത്തരവ്.
എഫ്‌ഐആറില്‍ പറയുന്നതല്ല മൊഴിയിലുള്ളതെന്നും കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയിലെ ആവശ്യം ആരോപണ വിധേയനെ മാറ്റി നിര്‍ത്തണമെന്നാണെന്നും ഉത്തരവിലുണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും രണ്ടാഴ്ച കൂടുമ്പോഴുള്ള തിങ്കളാഴ്ചകളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിലുണ്ട്. |