|
വിക്ടോറിയാസ് സീക്രട്ട് ഫാഷന്‍ ഷോയില്‍ റണ്‍വേയില്‍ ചുവടുവയ്ക്കുന്ന ആദ്യ മലയാളി മോഡലാണ് റാവ്‌ലീന്‍ വര്‍ഗീസ്. ഇന്ത്യന്‍ ഫാഷന്‍ മേഖലയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്ന ഡയറ്റ് സബ്യയും റാവ്ലീന്റെ നേട്ടം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത വേഷവിധാനങ്ങളിലാണ് താരം ഷോയില്‍ പ്രത്യക്ഷപ്പെട്ടത്
സോഷ്യല്‍ മീഡിയയില്‍ അടുത്തിടെയായി നിറഞ്ഞു കേള്‍ക്കുന്ന പേരാണ് റാവ്ലീന്‍ വര്‍ഗീസ്. അത്യന്തം ഗ്ലാമറസായി റാമ്പ് വാക്ക് ചെയ്യുന്ന ഈ പെണ്‍കുട്ടി മലയാളിയാണ്. അവള്‍ പ്രതിനിധീകരിച്ച ബ്രാന്‍ഡ് ആകട്ടെ, മോഡലിംഗ് ലോകത്തെ അവസാന വാക്കായ വിക്ടോറിയാസ് സീക്രട്ട്. പ്രോത്സാഹനത്തേക്കാള്‍ പിറന്ന മണ്ണില്‍ നിന്നും ഈ യുവതി കേട്ടത് ഒരുപക്ഷെ വിമര്‍ശനങ്ങളാവാം. അത്രകണ്ട് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണില്‍ നിന്ന് ലോകപ്രശസ്ത ഫാഷന്‍ റണ്‍വേയിലേക്ക് ഒരാള്‍. അന്താരാഷ്ട്ര ഫാഷന്‍ ലോകത്ത് ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 25കാരിയായ മലയാളി മോഡല്‍ റാവ്ലീന്‍ വര്‍ഗീസ്. ഒക്ടോബര്‍ 18ന് നടന്ന വിക്ടോറിയാസ് സീക്രട്ട് ഫാഷന്‍ ഷോയിലൂടെ റാവ്ലീന്‍ അരങ്ങേറ്റം കുറിച്ചു
അന്താരാഷ്ട്ര മോഡലുകള്‍ക്കൊപ്പം ഒരു മലയാളി: അഡ്രിയാന ലിമ, അലസ്സാന്ദ്ര അംബ്രോസിയോ, കാന്‍ഡിസ് സ്വാന്‍പോള്‍, ബെഹാറ്റി പ്രിന്‍സ്ലൂ, ബെല്ല ഹദീദ്, ജീജീ ഹദീദ് തുടങ്ങിയ പ്രമുഖ മോഡലുകള്‍ക്കൊപ്പമാണ് റാവ്ലീന്‍ റണ്‍വേയില്‍ ചുവടുവച്ചത്. റിയാലിറ്റി ടെലിവിഷന്‍ താരവും സൗന്ദര്യവര്‍ധക ഉല്‍പ്പന്ന സംരംഭകയുമായ കൈലി ജെന്നറും ഇത്തവണത്തെ ഷോയില്‍ പങ്കെടുത്തു. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, 50 ദശലക്ഷം ഡോളര്‍ മൂല്യമുള്ള വജ്രങ്ങള്‍ പതിച്ച 'ഫാന്റസി ബ്രാ' അണിഞ്ഞാണ് കൈലി ജെന്നര്‍ വിക്ടോറിയാസ് സീക്രട്ട് റണ്‍വേയില്‍ അരങ്ങേറ്റം കുറിച്ചത് |