തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് പരാതി വിശദമായി പരിശോധിച്ച ശേഷമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതിയും ബന്ധപ്പെട്ട ഫയലും പരിശോധിച്ചപ്പോള്‍ അന്വേഷണം ആവശ്യമായ കേസാണെന്ന് ബോധ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നുവെന്നാണ് ചെന്നിത്തലയുടെ നിലപാട്. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരമുള്ള അനുമതി ആവശ്യപ്പെട്ടുള്ള ഫയല്‍ അന്നത്തെ മുഖ്യമന്ത്രി വകുപ്പിന്റെ പരിശോധനയ്ക്കായി അയക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനുമതി നല്‍കാതിരുന്നതിന്റെ കാരണം അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വീണ്ടും പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ബന്ധപ്പെട്ട ഫയല്‍ തന്റെ പരിഗണനയിലെത്തിയത്. രേഖകള്‍ പരിശോധിച്ചശേഷം അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു. വിജിലന്‍സ് അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരട്ടെയെന്നും ചെന്നിത്തല വ്യക്തമാക്കി. ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നിര്‍മാണ കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് അന്വേഷണം. ടെന്‍ഡര്‍ നടപടികളില്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് കെഎസ്യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസിന്റെ ആരോപണം. കമ്പനി ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. കരാര്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്കൊപ്പം ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തുവിവരങ്ങളും വിജിലന്‍സ് പരിശോധിക്കും.