കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു തൊട്ടുമുമ്പ് സുഹൈല്‍ ഓടിച്ച മിനി കൂപ്പര്‍ മണിക്കൂറില്‍ 160 കിലോമീറ്ററോളം വേഗത്തിലായിരുന്നെന്ന് പൊലീസ് കണ്ടെത്തല്‍. കാറിലുണ്ടായിരുന്നയാള്‍ ചിത്രീകരിച്ച മൊബൈല്‍ വിഡിയോയും റോഡിലെ സിസിടിവി ദൃശ്യങ്ങളുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. അപകടസ്ഥലത്തിനു സമീപത്തെ 500 മീറ്റര്‍ ദൂരം കാര്‍ ഏകദേശം 11 സെക്കന്‍ഡിലാണ് പിന്നിട്ടതെന്ന് സിസിടിവി പരിശോധനയില്‍ കണ്ടെത്തി. മണിക്കൂറില്‍ 120 കിലോമീറ്ററോളം വേഗത്തിലാണ് വാഹനമോടിച്ചതെന്നായിരുന്നു തെളിവെടുപ്പിനിടെ സുഹൈല്‍ പൊലീസിനോട് പറഞ്ഞിരുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായ വിവരങ്ങളാണ് ദൃശ്യങ്ങളില്‍നിന്ന് ലഭിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
കാറിന്റെ പിന്‍സീറ്റിലിരുന്ന് ചിത്രീകരിച്ച വിഡിയോയില്‍ സ്പീഡോമീറ്ററിലെ വേഗം 140ല്‍നിന്ന് 160 കിലോമീറ്ററിലേക്ക് ഉയരുന്നത് കാണാമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കൂട്ടിയിടിച്ച നിമിഷത്തിലെ കൃത്യമായ വേഗം സ്ഥിരീകരിക്കാന്‍ വാഹനത്തിലെ ഇവന്റ് ഡാറ്റാ റെക്കോര്‍ഡറിന്റെ പരിശോധനാഫലം ആവശ്യമാണ്. വേഗം, ബ്രേക്ക് ഉപയോഗിച്ചിരുന്നോ എന്നത്, സാങ്കേതിക തകരാറുകളുടെ സാധ്യത തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താനാണ് ഡാറ്റാ റെക്കോര്‍ഡര്‍ വിശദമായി പരിശോധിക്കുന്നത്. ഇതിനായി ജര്‍മനിയിലെ വാഹനനിര്‍മാതാക്കളുടെ വിദഗ്ധസഹായം തേടുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം സ്‌കൂട്ടറില്‍ മിനി കൂപ്പര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. ചായക്കടയില്‍നിന്ന് അത്താണി ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.