|
കേരളത്തില്‍ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 29) നിയമസഭയില്‍ അവതരിപ്പിക്കും. കരട് ബില്ലിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനം.
ശമ്പള വര്‍ധനവ് നിലവില്‍ വരുന്നതോടെ എംഎല്‍എമാരുടെ പ്രതിമാസ ശമ്പളം 98,000 രൂപയായും മന്ത്രിമാരുടേത് 1.33 ലക്ഷം രൂപയായും ഉയരും. അടിസ്ഥാന ശമ്പളത്തിന് പുറമെ സിറ്റിങ് ഫീസ്, ചികിത്സാ പരിധി, ടെലിഫോണ്‍ ചാര്‍ജ് തുടങ്ങിയ ആനുകൂല്യങ്ങളിലും ആനുപാതികമായ വര്‍ധനവുണ്ടാകും.
നിലവില്‍ എംഎല്‍എക്ക് പ്രതിമാസ നിശ്ചിത അലവന്‍സ് (2000 രൂപ), മണ്ഡലം അലവന്‍സ് (25,000), ടെലിഫോണ്‍ അലവന്‍സ് (11,000), ഇന്‍ഫര്‍മേഷന്‍ അലവന്‍സ് (4000), മിനിമം യാത്രാക്കൂലി (20,000), മറ്റു ചെലവുകള്‍ക്ക് (8000) എന്നിവ ഉള്‍പ്പെടെയാണ് പ്രതിമാസ വരുമാനം ലഭിക്കുന്നത്. |