തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശങ്ങളെ പിന്തുണച്ച് മറിയാമ്മ ഉമ്മന്‍. പ്രതിസന്ധിഘട്ടങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കേണ്ട പലരും മാറിനിന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷാഫി പറമ്പിലിനെ ഉമ്മന്‍ ചാണ്ടി ഏറെ സ്‌നേഹിച്ചിരുന്നുവെന്ന് മറിയാമ്മ പറഞ്ഞു. എന്നാല്‍ അതേ അളവില്‍ ഷാഫി തിരിച്ചും സ്‌നേഹിച്ചിരുന്നോ എന്ന് തനിക്കറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഷാഫി എ ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്ന വാദത്തോടും അവര്‍ വിയോജിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ച കുറിപ്പില്‍ ജെ.എസ്. അഖിലിന്റെ പേരുണ്ടായിരുന്നുവെന്നും മറിയാമ്മ വ്യക്തമാക്കി. എന്നാല്‍ അഖിലിന്റെ പേര് ഒഴിവാക്കിയത് ഷാഫി പറമ്പിലാണോ എന്ന ചോദ്യത്തില്‍ അവര്‍ സ്ഥിരീകരണം നല്‍കിയില്ല. അതിന് മറുപടി പറയേണ്ടത് താനാണോ എന്നായിരുന്നു പ്രതികരണം.
പ്രതിസന്ധിക്കാലത്ത് ഉമ്മന്‍ ചാണ്ടിക്കും കുടുംബത്തിനും പിന്തുണ നല്‍കിയ വ്യക്തിയാണ് രാജ്മോഹന്‍ ഉണ്ണിത്താനെന്ന് മറിയാമ്മ പറഞ്ഞു. അദ്ദേഹത്തിന്റെ പിന്തുണയുടെ പേരില്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ മറക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിച്ച് കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ് തന്റെ ആഗ്രഹമെന്നും മറിയാമ്മ പറഞ്ഞു. എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്തുന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ സമീപനമെന്നും അതുതന്നെയാണ് താനും ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു