Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
സിനിമ
  Add your Comment comment
മലയാളികളെ ചിരിപ്പിച്ച പ്രിയപ്പെട്ട നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു
Text by TEAM UKMALAYALAM PATHRAM
പ്രശസ്ത നാടക- സിനിമാ നടന്‍ കൊച്ചു പ്രേമന്‍ (കെ എസ് പ്രേംകുമാര്‍) അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ ആദ്യത്തെ സിനിമ 1979ല്‍ പുറത്തിറങ്ങിയ 'ഏഴു നിറങ്ങള്‍' ആണ്. രാജസേനന്‍ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മലയാള സിനിമയില്‍ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന്‍ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു.

1955 ജൂണ്‍ ഒന്നിന് തിരുവനന്തപുരം പേയാട് ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചു പ്രേമന്‍ തിരുവനന്തപുരം എംജി കോളേജില്‍ നിന്ന് ബിരുദം നേടി.

ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടര്‍ന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.

തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എന്‍ കെ ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചതോടെയാണ് സജീവമാകുന്നത്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്‌സിന്റെ അനാമിക എന്ന നാടകത്തിലും അഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.

കേരള തീയേറ്റേഴ്‌സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാള്‍, ഇന്ദുലേഖ, രാജന്‍ പി ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവയിലൂടെ കൊച്ചു പ്രേമന്‍ നാടകപ്രേമികളുടെ മനസില്‍ ഇടംനേടി.

കൊച്ചു പ്രേമന്‍ എഴുതി സംവിധാനം ചെയ്ത നാടകം കണ്ട പ്രശസ്ത സംവിധായകന്‍ ജെ സി കുറ്റിക്കാടാണ് നാടകത്തില്‍ നിന്ന് സിനിമയിലേക്ക് അവസരം നല്‍കിയത്.

1979ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. 1997ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. 1997-ല്‍ റിലീസായ സത്യന്‍ അന്തിക്കാടിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായ വേഷം ചെയ്തു.
 
Other News in this category

 
 




 
Close Window