|
യു എസ് ഗവണ്‍മെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ തന്റെ സര്‍ക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. 'ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കാം' എന്നാണ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത്. സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് പോയാല്‍ അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ ധനബില്‍ യുഎസ് കോണ്‍ഗ്രസില്‍ പാസാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുന്നത്.
5 ലക്ഷത്തോളം ജീവനക്കാര്‍ അവധിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവധിയെടുത്താല്‍ ഇവരെ പിരിച്ചുവിടുമെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്ന്‌റെ മുന്നറിയിപ്പ്.
ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി പ്രതിപക്ഷവുമായി ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഫലം കണ്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച കൂടി നടക്കുന്നുണ്ട്. അത് കൂടി ഫലം കണ്ടില്ലെങ്കില്‍ അമേരിക്ക പൂര്‍ണമായും സ്തംഭനത്തിലേക്ക് പോകും. 1981 ന് ശേഷം പതിനഞ്ചാം ഷട്ട്ഡൗണിലേക്കാണ് അമേരിക്ക നീങ്ങുന്നത്. 2018-19 ഷട്ട്ഡൗണില്‍ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. |