|
അടിയന്തരാവസ്ഥയുണ്ടായാല്‍ വീടുകളില്‍ എന്തൊക്കെ സൂക്ഷിക്കണമെന്ന് കുടുംബങ്ങളെ ഉപദേശിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനം. തീവ്ര കാലാവസ്ഥാ വ്യതിയാനം, സൈബര്‍ ആക്രമണം തുടങ്ങിയവ മൂലം വലിയ പ്രതിസന്ധിയുണ്ടായാല്‍ നേരിടാന്‍ ഭക്ഷണം, കുപ്പിവെള്ളം, പണം, ടോയ്‌ലറ്റ് പേപ്പര്‍ എന്നിവ കരുതണമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദേശം.
സര്‍ക്കാരിന്റെ 'ബി റെഡി' മാര്‍ഗനിര്‍ദേശമനുസരിച്ച്, ജലവിതരണം തടസ്സപ്പെടുകയോ കടകള്‍ അടച്ചിടുകയോ ചെയ്താല്‍ മൂന്ന് ദിവസം വരെ ഉപയോഗിക്കാനായി ഒരാള്‍ക്ക് ഒന്‍പത് ലിറ്റര്‍ കുടിവെള്ളം കരുതണം. പാകം ചെയ്യാതെയും ഫ്രിഡ്ജില്‍ സൂക്ഷിക്കാതെയും കഴിക്കാവുന്ന മാംസം, പച്ചക്കറികള്‍, പഴങ്ങള്‍, ടിന്നിലടച്ച ഭക്ഷണം എന്നിവയും ശേഖരിക്കണം.
ബാറ്ററിയിലോ കൈകൊണ്ട് ചാര്‍ജ് ചെയ്യാവുന്നതോ ആയ എഫ്എം റേഡിയോ, ടോര്‍ച്ച്, പ്രഥമശുശ്രൂഷാ കിറ്റ്, ആവശ്യമായ മരുന്നുകള്‍, വൈദ്യുതി തടസ്സപ്പെട്ടാല്‍ ഉപയോഗിക്കാനുള്ള പുതപ്പുകള്‍ എന്നിവയും അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള കിറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്.
അടിയന്തരമായി വീടുവിട്ടിറങ്ങേണ്ടിവന്നാല്‍ ഉപയോഗിക്കാവുന്ന വഴികള്‍ മുന്‍കൂട്ടി തീരുമാനിക്കുക, കുടുംബാംഗങ്ങളുമായി വീണ്ടും ഒത്തുചേരാനുള്ള സ്ഥലം നിശ്ചയിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് പോളിസി നമ്പറുകള്‍ മുതല്‍ ഇഷ്ടപ്പെട്ട റേഡിയോ സ്റ്റേഷനുകളുടെ ഫ്രീക്വന്‍സികള്‍ വരെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്താനും മാര്‍ഗനിര്‍ദേശം ആവശ്യപ്പെടുന്നു.
പ്രകൃതിദുരന്തങ്ങള്‍, സ്ഥാപനങ്ങള്‍ക്കെതിരായ ഹാക്കിങ് ആക്രമണങ്ങള്‍, ഭീകരാക്രമണങ്ങള്‍ മൂലമുള്ള വിതരണശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ നേരിടാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്ന് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു. |