ലണ്ടന്‍: കുട്ടിപീഡകനായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധം പുലര്‍ത്തിയതും ലൈംഗിക വിവാദങ്ങളില്‍ കുടുങ്ങിയതുമൂലം ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂയ്ക്ക് രാജകീയ പദവി നഷ്ടമായി. ഇനി അദ്ദേഹം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സര്‍ എന്ന പേരിലാണ് അറിയപ്പെടുക. രാജാവ് ചാള്‍സ് മൂന്നാമന്‍ ആണ് 'ഡ്യൂക്ക് ഓഫ് യോര്‍ക്ക്' എന്ന പദവി ഔദ്യോഗികമായി പിന്‍വലിച്ചത്.
റോയല്‍ ലോഡ്ജ് ഒഴിയേണ്ടിവരുന്ന ആന്‍ഡ്രൂയ്ക്ക് സാന്‍ഡ്രിഗ്രാം എസ്റ്റേറ്റിലെ സ്വകാര്യ വസതിയിലേക്ക് മാറാന്‍ അനുമതി ലഭിച്ചേക്കും. എന്നാല്‍ മുന്‍ ഭാര്യ സാറ ഫെര്‍ഗൂസണിന് താമസത്തിനായി പുതിയ സ്ഥലം കണ്ടെത്തേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1996-ല്‍ വിവാഹമോചനം നേടിയിട്ടും 2008 മുതല്‍ ഇരുവരും 30 മുറികളുള്ള റോയല്‍ ലോഡ്ജില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.
ജെഫ്രി എപ്സ്റ്റീനുമായി സാറയും അടുപ്പം പുലര്‍ത്തിയിരുന്നുവെന്നും പണം കടം വാങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയില്‍ മോചിതനായ എപ്സ്റ്റീനുമായി പെണ്‍മക്കളെ കൂട്ടിക്കൊണ്ടു പോയി സന്ദര്‍ശിച്ചതും സാറയുടെ പ്രതിച്ഛായയെ ബാധിച്ചു.
എന്നിരുന്നാലും ആന്‍ഡ്രൂവിന്റെയും സാറയുടെയും പെണ്‍മക്കളായ രാജകുമാരിമാര്‍ ബിയാട്രിസിനും യൂജീനിനും രാജപദവികള്‍ നിലനില്‍ക്കുന്നതാണ്. ഇവരെ സംരക്ഷിക്കാന്‍ രാജാവ് ചാള്‍സ് ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മക്കള്‍ക്ക് പദവി നഷ്ടമാകാത്തതില്‍ ആശ്വാസം കണ്ടെത്തിയാണ് ആന്‍ഡ്രൂ നടപടികള്‍ക്കെതിരെ പോരാടാതിരുന്നത്.
ജെഫ്രി എപ്സ്റ്റീനുമായി ആന്‍ഡ്രൂയുടെ ബന്ധം തെളിയിക്കുന്ന ഇമെയിലുകള്‍ പുറത്തുവന്നതോടെയാണ് ബക്കിംഗ്ഹാം കൊട്ടാരം കടുത്ത നിലപാട് സ്വീകരിച്ചത്. ആന്‍ഡ്രൂ ഇപ്പോഴും ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇരകള്‍ക്കും അതിജീവിതര്‍ക്കും പിന്തുണയുമായി രാജാവും രാജ്ഞിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ആന്‍ഡ്രൂക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച വിര്‍ജിനിയ ജിഫ്രെയുടെ കുടുംബം ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സത്യത്തിന്റെയും ധൈര്യത്തിന്റെയും വിജയമാണ് ആന്‍ഡ്രൂയുടെ രാജപദവി നഷ്ടമാകുന്നതെന്ന് വിര്‍ജിനിയയുടെ സഹോദരന്‍ പ്രതികരിച്ചു. ഈ വര്‍ഷം ആദ്യം വിര്‍ജിനിയ ആത്മഹത്യ ചെയ്തിരുന്നു.